
വാഷിംഗ്ടൺ: യുഎസിൽ കോവിഡ് തീവ്രവ്യാപനം അവസാനിച്ചെന്നും വിപണികൾ തുറക്കാൻ സമയമായെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിപണികൾ തുറക്കാനുള്ള മാർഗനിർദേശങ്ങൾ വൈറ്റ് ഹൗസ്പുറത്തുവിട്ടു. ലോക്ക്ഡ് ലഘൂകരിക്കാനുള്ള മൂന്നുഘട്ടങ്ങളായുള്ള മാർഗ നിർദേശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും മറ്റുമാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.
വിപണി തുറക്കാനുള്ള അന്തിമ തീരുമാനം ട്രംപ് സംസ്ഥാന ഗവർണർമാർക്ക് വിട്ടുനൽകി. ദേശീയ ലോക്ക്ഡൗൺ സുസ്ഥിര പരിഹാരമാർഗമല്ലെന്നു പറഞ്ഞ ട്രംപ് അമേരിക്കയും അമേരിക്കക്കാരും രാജ്യം തുറക്കാൻ ആഗ്രഹിക്കുന്നതായി ചൂണ്ടിക്കാട്ടി. നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ പൊതുജനാരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗം, മദ്യപാനം, ഹൃദ്രോഗം, മറ്റ് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ എന്നിവ കുത്തനെ ഉയരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആരോഗ്യമുള്ള പൗരന്മാർക്ക് നിയന്ത്രണങ്ങളോടെ ജോലിയിലേക്ക് മടങ്ങാൻ കഴിയും. എന്നാൽ എല്ലാവരും കൃത്യമായ സാമൂഹിക അകലം പാലിക്കണം. ആരോഗ്യം മോശമാണെങ്കിൽ വീട്ടിൽ തുടരാനും ട്രംപ് ആഹ്വാനം ചെയ്തു.
മൂന്ന് ഘട്ടമായി രാജ്യത്തെ വിപണി തുറക്കാനാണ് ട്രംപിന്റെ പദ്ധതി. ഇതില്‍ ആദ്യഘട്ടത്തില്‍ ആവശ്യമില്ലാത്ത യാത്രകളും ആള്‍ക്കൂട്ടവും ഒഴിവാക്കുമെങ്കിലും ശാരീരിക അകലം കര്‍ശനമായി പാലിച്ച് ഭക്ഷണ ശാലകള്‍, ആരാധനാലയങ്ങള്‍, കായിക വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറക്കും. രണ്ടാംഘട്ടത്തില്‍ എല്ലാ യാത്രകളും, സ്കൂളുകളും ബാറുകളും തുറക്കും. മൂന്നാംഘട്ടത്തില്‍ മറ്റ് വലിയ ഇളവുകളും ജോലി സ്ഥലങ്ങളും നിയന്ത്രണങ്ങളോടെ തുറന്ന് നല്‍കും.
അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,174 കോവിഡ് മരണങ്ങളാണ് ഉണ്ടായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,617 ആയി. പുതുതായി 29,567 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് കേസുകളുടെ എണ്ണം ആറുലക്ഷം കവിഞ്ഞു. 677,570 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam