കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26 കാരി നവ്‌നീത് കൗർ വെടിയേറ്റ് മരിച്ചു. വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ സ്വദേശിയായ ശരൺജിത് സിംഗിനെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണം വ്യക്തിപരമായി ലക്ഷ്യമിട്ട നടപ്പിലാക്കിയതാണെന്ന് കാനഡ പൊലീസ് സ്ഥിരീകരിച്ചു. നവ്‌നീത് കൗർ എന്ന യുവതിയാണ് ഹംബർവുഡ് ബൊളിവാർഡിനും റെക്സ്‌ഡേൽ ബൊളിവാർഡിനും സമീപമുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കാനഡയിലെ ബ്രാംപ്റ്റൺ സ്വദേശിയായ ശരൺജിത് സിംഗ് (37) എന്നയാളെ ടൊറന്റോ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റവും മുൻ ഉത്തരവുകൾ ലംഘിച്ചതിനുമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7.23ഓടെയാണ് സംഭവം. റോഡിൽ നടന്നുപോവുകയായിരുന്ന നവ്‌നീത് കൗറിനെ പിന്തുടർന്നെത്തിയ അക്രമി വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ യുവതി മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. വീടിനുള്ളിലല്ല, പരസ്യമായ വഴിയരികിലാണ് ആക്രമണം നടന്നതെന്ന് ഡ്യൂട്ടി ഇൻസ്‌പെക്ടർ സ്കോട്ട് ബ്രാഡ്‌ബറി വ്യക്തമാക്കി.
രാവിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന നവ്‌നീതിനോട് പ്രതി എന്തോ സംസാരിക്കുകയും യുവതി തിരിഞ്ഞുനോക്കിയ ഉടൻ നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി. ഇരുവരും തമ്മിൽ വഴക്കോ തർക്കമോ ഒന്നും ഉണ്ടായിരുന്നില്ലെന്നും വെടിവെച്ച ശേഷം പ്രതി കയ്യിൽ തോക്കുമായി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ദൃക്സാക്ഷി കൂട്ടിച്ചേർത്തു.
സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി ഡ്രോണുകളും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പൊലീസ് തെരച്ചിൽ നടത്തിയത്. തുടർന്നാണ് ശരൺജിത് സിംഗിനെ പൊലീസ് വലയിലാക്കിയത്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്നും ഹൊമിസൈഡ് ടീം കേസിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും ടൊറന്റോ പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പൊലീസിലോ 'ക്രൈം സ്റ്റോപ്പേഴ്സിലോ' വിവരമറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.


