
ലണ്ടൻ: കോവിഡ് കാലത്ത് യുകെയിൽ പിപിഇ കിറ്റിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജരായ ദമ്പതിമാർ കുറ്റക്കാരെന്ന് കണ്ടെത്തി. ഇന്ത്യൻ വംശജരായ ജോഗേഷ് ഭണ്ഡാരി(59) ഭാര്യ മീനാക്ഷി ഭണ്ഡാരി(58) എന്നിവരാണ് തട്ടിപ്പ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ കമ്പനിയിൽ ജീവനക്കാരനായ ക്രെയ്ഗ് മോറിസും(43) കേസിൽ കുറ്റക്കാരനാണ്. ഓഗസ്റ്റ് 21-ന് പ്രതികൾക്കുള്ള ശിക്ഷ വിധിക്കും.
ലോകമാകെ കോവിഡ് വ്യാപനമുണ്ടായ 2020-21 കാലത്താണ് ദമ്പതിമാർ തട്ടിപ്പ് നടത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റി(പിപിഇ)ന് വലിയ ക്ഷാമം നേരിട്ടിരുന്നു. ഈ അവസരം മുതലെടുത്താണ് ദമ്പതിമാർ പണം തട്ടിയത്.
പിപിഇ കിറ്റിന്റെ ഭാഗമായ നെട്രൈൽ ഗ്ലൗസുകൾ വിതരണം ചെയ്യാമെന്ന് വാഗ്ദാനംചെയ്താണ് ജോഗേഷ് ഭണ്ഡാരി വൻതോതിൽ പണം കൈക്കലാക്കിയത്. ഇതിനായി 2020-ൽ കമ്പനി സ്ഥാപിച്ച ഇയാൾ, വിശ്വാസം നേടാനായി കമ്പനിയുടെ പേരിൽ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകളും മറ്റു രേഖകളും നിർമിച്ചു. തുടർന്ന് 2020 നവംബറിൽ തന്നെ 12 മില്യൺ ഗ്ലൗസിന്റെ ഓർഡറും വാങ്ങിയെടുത്തു. ഇതിന്റെ പണവും വാങ്ങിച്ചു. പക്ഷേ, ഗ്ലൗസ് വിതരണം ചെയ്തില്ല. ഇതിനുശേഷവും സമാനരീതിയിൽ പലയിടങ്ങളിൽനിന്നായി ദശലക്ഷക്കണക്കിന് ഡോളറാണ് ജോഗേഷ് ഭണ്ഡാരിയുടെ കമ്പനിയിലേക്ക് എത്തിയത്. പിപിഇ കിറ്റിന് ഏറെ ആവശ്യകതയുള്ള സമയമായതിനാൽ യുഎസിൽനിന്ന് വരെ ഓർഡറുകൾ കിട്ടി. പക്ഷേ, ഇവർക്കാർക്കും ജോഗേഷ് ഭണ്ഡാരി ഗ്ലൗസുകൾ നൽകിയില്ല. പകരം പണം തട്ടിയെടുക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ തട്ടിയെടുത്ത പണം സ്വന്തം കടങ്ങൾ തീർക്കാനാണ് ജോഗേഷ് ഭണ്ഡാരി ഉപയോഗിച്ചത്. പിന്നാലെ ആഡംബര ജീവിതത്തിനും ഇത് വിനിയോഗിച്ചു. തട്ടിയെടുത്ത പണം ഉപയോഗിച്ച് പുതിയ പോർഷെ കാറും ഒട്ടേറെ റോളക്സ് വാച്ചുകളും ദമ്പതിമാർ വാങ്ങിയിരുന്നു. ഇതിനുപുറമേ ആഭരണങ്ങൾ വാങ്ങാനും ആഡംബര റിസോർട്ടുകളിൽ താമസിക്കാനും വീട് മോടിപിടിപ്പിക്കാനും പണം ഉപയോഗിച്ചു. പോർഷെയ്ക്ക് പുറമേ ഔഡി എ5, ലാൻഡ് റോവർ ഡിസ്കവറി, ഫോക്സ് വാഗൻ ഗോൾഫ് തുടങ്ങിയ വാഹനങ്ങളും ദമ്പതിമാർ സ്വന്തമാക്കിയിരുന്നു. ഇതിനെല്ലാം ഉപയോഗിച്ചത് തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണെന്നും പ്രതികളുടെ 47,000 വാട്സാപ്പ് സന്ദേശങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി വീണ്ടെടുത്തതെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam