ശ്രീലങ്കയില്‍ മുസ്ലിങ്ങള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

By Web TeamFirst Published May 6, 2019, 4:55 PM IST
Highlights

മുസ്ലിങ്ങള്‍ താമസിക്കുന്ന നെഗൊംബോയില്‍ കര്‍ഫ്യൂ മറികടന്ന് അതിക്രമിച്ചു കയറിയവര്‍ മുസ്ലിങ്ങള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെയും വീടുകള്‍ക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും വ്യാപക അക്രമം അഴിച്ചുവിട്ടു.

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ ആരാധാനാലയങ്ങള്‍ക്കും ആഡംബര ഹോട്ടലുകള്‍ക്കുനേരെയുമുണ്ടായ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് നെഗൊംബോയില്‍ കൃസ്ത്യന്‍-മുസ്ലിം സംഘര്‍ഷം.

മുസ്ലിം വിഭാഗം താമസിക്കുന്ന നെഗൊംബോയില്‍ കര്‍ഫ്യൂ മറികടന്ന് അതിക്രമിച്ചു കയറിയവര്‍ മുസ്ലിങ്ങള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക അക്രമം അഴിച്ചുവിട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. 

കൃസ്ത്യാനികള്‍ ശാന്തത പാലിക്കണമെന്നും അക്രമം അഴിച്ചു വിടരുതെന്നും കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത് അഭ്യര്‍ത്ഥിച്ചു. കര്‍ദിനാള്‍ സ്ഥലം സന്ദര്‍ശിക്കുകയും മുസ്ലിം സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യം നിരോധിക്കാന്‍ അദ്ദേഹം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അക്രമത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

ആക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. കര്‍ഫ്യൂ ഞായറാഴ്ച ഒഴിവാക്കിയെങ്കിലും തിങ്കളാഴ്ച വീണ്ടും പുനസ്ഥാപിച്ചു.

click me!