
കൊളറാഡോ (അമേരിക്ക): ബംഗ്‌ളാദേശ് സ്വദേശികളായ മുസ്ലീങ്ങള്‍ക്ക് തന്റെ സ്ഥലം വാടകയ്‌ക്ക് കൊടുക്കാനാവില്ലെന്ന് നിലപാടെടുത്ത അമേരിക്കക്കാരി നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത് 6,75,000 ഡോളര്‍ (4,68,10,575 രൂപ). പാട്ടത്തിന് നല്‍കിയ ആളോട് ആ സ്ഥലം അമേരിക്കക്കാരന് തന്നെ കൊടുക്കണമെന്ന് ഉടമസ്ഥ പറഞ്ഞത് അയാള്‍ റെക്കോര്‍ഡ് ചെയ്‌തതാണ് അവര്‍ക്ക് വിനയായത്.
കൊളറാഡോ സ്വദേശിയായ കാത്തിന ഗാച്ചിസ് ആണ് വംശീയത നിറഞ്ഞ തീരുമാനം എടുത്തതിലൂടെ വിവാദത്തിലായത്. ഇവരുടെ ഉടമസ്ഥതയില്‍ ഡെന്‍വറിലുള്ള സ്ഥലം ക്രെയിഗ് കാഡ്വെല്‍ എന്നയാള്‍ക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ഇതേ സ്ഥലം കീഴ്‌പ്പാട്ടത്തിന് കൊടുക്കാന്‍ കാഡ്വെല്‍ തീരുമാനിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ബൗള്‍ഡറില്‍ റെസ്‌റ്റൊറന്റ് നടത്തുന്ന റാഷദ് ഖാന്‍ എന്ന ബംഗ്ലാദേശ് സ്വദേശിയും പിതാവും തങ്ങളുടെ സ്ഥാപനത്തിന് ഡെന്‍വറില്‍ ബ്രാഞ്ച് തുടങ്ങാന്‍ വേണ്ടി ആ സ്ഥലം ചോദിച്ചു. ഇതിനെക്കുറിച്ച് കാത്തിനയോട് കാഡ്വെല്‍ അഭിപ്രായം ചോദിച്ചപ്പോള്‍ തന്റെ സ്ഥലം മുസ്ലീങ്ങള്‍ക്ക് നല്‌കാനാവില്ലെന്ന് അവര്‍ നിലപാടെടുത്തു. തുടര്‍ന്ന് രണ്ട് തവണ കൂടി ഇതേ ആവശ്യമുന്നയിച്ച് കാഡ്വെല്‍ കാത്തിനയെ വിളിച്ചു. രണ്ടു തവണയും ഫോണ്‍സംഭാഷണം റെക്കോഡ് ചെയ്യുകയും ചെയ്‌തു.
വാടകക്കാരനായി വേണ്ടത് ഒരു അമേരിക്കക്കാരനെയാണോ എന്ന കാഡ്വെലിന്റെ ചോദ്യത്തിന് 'അതെയതെ, നമ്മളെപ്പോളെ നല്ലൊരാളെ' എന്നായിരുന്നു കാത്തിനയുടെ മറുപടി. റാഷദ് ഖാനും പിതാവും കുഴപ്പം പിടിച്ചവരാണെന്നും (മുസ്ലീങ്ങളായതുകൊണ്ട്) അവര്‍ക്ക് സ്ഥലം വാടകയ്‌ക്ക് കൊടുക്കുന്നത് അപകടകരമാണെന്നും കാത്തിന പറയുന്നതും കാഡ്വെല്‍ റെക്കോഡ് ചെയ്‌തു. തുടര്‍ന്നാണ് റാഷദ് ഖാനും പിതാവും കാഡ്വെലും കാത്തിനയ്‌ക്കെതിരെ വംശീയവിവേചന പരാതിയുമായി കോടതിയെ സമീപിച്ചത്. തെളിവായി ഫോണ്‍സംഭാഷണം ഉള്ളതിനാല്‍ വിധി കാത്തിനയ്‌ക്ക് എതിരാവുമെന്ന് ഉറപ്പായിരുന്നു. ഒടുവില്‍ കോടതിക്ക് പുറത്തുവച്ച് ഒരു ഒത്തുതീര്‍പ്പിന് അവര്‍ തയ്യാറാവുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam