ഗുരുതര രോഗികള്‍ക്ക് മൂന്നാം ഡോസ് വാക്സീന്‍ നല്‍കാന്‍ അമേരിക്ക

By Web TeamFirst Published Aug 13, 2021, 11:40 AM IST
Highlights

ഗുരുതര രോഗികളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി എന്ന് എഫ്ഡിഎ അറിയിച്ചു. 
രണ്ടാം ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷമാകും മൂന്നാം ഡോസ് നൽകുക. 

വാഷിംഗ്‍ടണ്‍: ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്ക് മൂന്നു ഡോസ് കൊവിഡ് വാക്സീൻ നൽകാൻ അമേരിക്കയുടെ തീരുമാനം. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, ഗുരുതരമായ കാൻസർ രോഗം ബാധിച്ചവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്കാണ് മൂന്നാം ഡോസ് നൽകുക. ഫൈസർ, മൊഡേണ വാക്സീനുകളുടെ മൂന്നാം ഡോസിനാണ് അനുമതി നൽകിയത്. 

ഗുരുതര രോഗികളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി എന്ന് എഫ്ഡിഎ അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷമാകും മൂന്നാം ഡോസ് നൽകുക. ജോൺസൺ ആൻഡ് ജോൺസന്‍റെ ഒറ്റ ഡോസ് വാക്സീൻ എടുത്തവർക്ക് അധിക ഡോസ് നൽകണോ എന്നതിൽ തീരുമാനം ആയിട്ടില്ല. മൂന്നു ശതമാനത്തിൽ താഴെ അമേരിക്കക്കാർക്ക് മാത്രമാകും മൂന്നാം ഡോസ് വേണ്ടിവരികയെന്ന് എഫ്‍ഡിഎ പറയുന്നു. 

സാധാരണ ആരോഗ്യമുള്ളവർക്ക് മൂന്നാം ഡോസ് ആവശ്യമില്ലെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി. ഫ്രാൻസ്, ഇസ്രായേൽ, ജർമനി രാജ്യങ്ങൾ ഗുരുതര രോഗമുള്ളവർക്ക് മൂന്നാം ഡോസ് നൽകാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇന്ത്യയിൽ ഏതെങ്കിലും വിഭാഗങ്ങൾക്ക് മൂന്നാം ഡോസ് നൽകണമോ എന്നത് പരിശോധിച്ചു വരികയാണെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!