അലാസ്ക: ലോകം ഉറ്റുനോക്കുന്ന ട്രംപ് - പുടിൻ അലാസ്ക ഉച്ചകോടി ഇന്ന്. ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് കൂടിക്കാഴ്ച്ച. ആദ്യം ഇരു നേതാക്കളും ഉപദേശകരില്ലാതെ നേരിട്ട് ആകും ചർച്ച നടത്തുക. യുക്രെയ്ൻ യുദ്ധത്തിന്റെയും അമേരിക്കയുടെ ഇന്ത്യക്കെതിരായ തീരുവ പ്രഖ്യാപനങ്ങളുടെയും പശ്ചാത്തലത്തിൽ ട്രംപ് - പുടിൻ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം ഏറെയാണ്.
ആങ്കറേജിലെ എൽമൻഡോർഫ്- റിച്ചർഡ്സൺ സൈനിക ബേസ് ആണ് കൂടിക്കാഴ്ചയുടെ വേദി. ആദ്യം ട്രംപും പുടിനും തനിച്ച് ചർച്ച നടത്തും. തുടർന്ന് പ്രതിനിധി സംഘ ചർച്ചകൾ നടക്കും. ഇരു രാജ്യങ്ങളിൽ നിന്ന് അഞ്ച് പേർ വീതം പങ്കെടുക്കും. തുടർന്ന് ഉച്ചഭക്ഷണവും സംയുക്ത വാർത്താ സമ്മേളനവുമുണ്ടാകും. റഷ്യൻ സംഘം അന്ന് തന്നെ മടങ്ങും.
തീരുവ വിഷയത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താത്പര്യങ്ങളെ അലാസ്ക കൂടിക്കാഴ്ച എങ്ങനെ ബാധിക്കും എന്നത് നിർണായകമാണ്. യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് അലാസ്കയിൽ കൈക്കൊളുന്ന ഏത് തീരുമാനവും ട്രംപിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ മുന്നോട്ട് പോക്കിനെയും ബാധിക്കും. യുദ്ധം അവസാനിപ്പിക്കാനായാൽ ട്രംപിന് നൊബേൽ സമ്മാനമെന്ന സ്വപ്നത്തിലേക്ക് ഒരു പടികൂടി അടുക്കാനാകും. അതേസമയം യുക്രെയ്നിൽ റഷ്യൻ താത്പര്യങ്ങൾക്ക് ട്രംപ് വഴങ്ങിയാൽ അത് യൂറോപ്പിൽ പുതിയ ചേരിതിരിവിനും കാരണമായേക്കും. എന്നാൽ സുപ്രധാന തീരുമാനങ്ങളിലേക്കൊന്നും എത്താതെ കൂടിക്കാഴ്ച പരാജയമാകും എന്നാണ് ട്രംപ് വിമർശകരുടെ പക്ഷം.
അതേസമയം ഇന്ത്യയ്ക്ക് പിഴ തീരുവ ചുമത്തിയത് റഷ്യയെ സ്വാധീനിച്ചെന്നും വ്ളാദ്മിർ പുടിനെ ചർച്ചയ്ക്ക് പ്രേരിപ്പിച്ചെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. രണ്ടാമത്തെ വലിയ ഉപഭോക്താവിനെ നഷ്ടപ്പെടുമെന്ന ആശങ്ക റഷ്യയെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് യുഎസ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞത്. അലാസ്കയിൽ ഇന്ന് നടക്കുന്ന ചർച്ച് മുന്നോടിയായി ആണ് ട്രംപിന്‍റെ പ്രതികരണം. അമേരിക്ക ഇന്ത്യക്ക് നേരത്തെ 25 ശതമാനം തീരുവ ചുമത്തിയിരുന്നു. പിന്നീട് 25 ശതമാനം പിഴ തീരുവയും ചുമത്തി. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുമ്പോൾ നൽകുന്ന പണം യുക്രൈനിൽ നിരപരാധികളെ കൊന്നൊടുക്കാനായി ഉപയോഗിക്കുന്നു എന്നായിരുന്നു അമേരിക്കയുടെ വാദം.