
ദുബായ്: യു എസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ആഗോള എണ്ണ വിപണി സാധാരണ നിലയിലേക്ക് മടങ്ങി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില യുദ്ധത്തിന് തൊട്ടു മുൻപ് ഉള്ളതിനേക്കാൾ കുറഞ്ഞു. ഡബ്ല്യുടിഐ ക്രൂഡ് വില ഇന്നലെ എഴുപത് ഡോളറിലും താഴെയെത്തി. ബ്രെന്റ് ക്രൂഡ് വില 72 ഡോളറിലേക്ക് താഴ്ന്നു. യുദ്ധ സമയത്ത് 120 ഡോളർ വരെ എത്തിയ എണ്ണ വിലയാണ് താഴ്ന്നത്. ഇന്ത്യയിലെ ഇന്ധന വിലയെ ബാധിക്കുന്ന ഇന്ത്യൻ ക്രൂഡ് ബാസ്കറ്റിൽ ഇപ്പോൾ ബാരലിന് 70 ഡോളർ ആണ് ക്രൂഡ് വില. യുദ്ധ കാലത്ത് ഇത് 157 ഡോളർ വരെ ഉയർന്നിരുന്നു.
ഹോർമൂസിൽ ഗതാഗതം സാധാരണ നിലയിൽ ആകാൻ ഏതാനും ആഴ്ചകൾ കൂടി എടുക്കും. ഇതോടെ ക്രൂഡ് വില ഇനിയും താഴുമെന്നാണ് വിലയിരുത്തൽ. പക്ഷെ പെട്രോൾ ഡീസൽ വിലകൾ ആനുപാതികമായി കുറക്കുന്ന കാര്യത്തിൽ എണ്ണകമ്പനികൾ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഓയിൽ ടാങ്കറുകളുടെ എണ്ണം ഇരട്ടിയായി. സുരക്ഷാ ഭീതി ഒഴിഞ്ഞതോടെ കപ്പലുകൾ ട്രാൻസ്പോണ്ടറുകൾ ഓൺ ചെയ്ത് സുരക്ഷിതമായി യാത്ര ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം 30 ദശലക്ഷത്തിലധികം ബാരല്‍ ക്രൂഡ് ഓയിലാണ് ഏഷ്യയിലേക്ക് എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറാന്‍ വന്‍ കിഴിവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത്. ഗള്‍ഫ് രാജ്യങ്ങളും ഉല്‍പ്പാദനം പഴയപടിയാക്കിയിട്ടുണ്ട്.
അതേസമയം ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ നിർത്തി വെച്ചു. കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. ഒമാൻ തീരത്താണ് കാർഗോ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഇറാൻ അമേരിക്ക ധാരണയ്ക്ക് ശേഷം ആദ്യമായാണ് ആക്രമണമുണ്ടാവുന്നത്. നിശ്ചയിച്ച റൂട്ടിലൂടെ കപ്പലുകൾ പോകണമെന്നും മറിച്ചായാൽ സുരക്ഷാ ഗ്യാരണ്ടി ഉണ്ടാകില്ലെന്നും ഇറാൻ അറിയിച്ചു. ഉത്തരവാദിത്തം കപ്പൽ ഉടമകൾക്കും കമ്പനികൾക്കും കപ്പൽ കമാൻഡർമാർക്കും ആയിരിക്കുമെന്നും ഇറാൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam