ഇരട്ട ഭൂചലനത്തിൽ പകച്ച് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെത്തി, പതിനായിരത്തിലേറെ പേരെ കാണാനില്ല; ഹൃദയഭേദകം

Published : Jun 26, 2026, 07:53 AM ISTUpdated : Jun 26, 2026, 08:07 AM IST
Venezuela Earthquake News

Synopsis

വെനിസ്വേലയിലെ ഇരട്ട ഭൂചലനത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. 1,500 ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. നിരവധി രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്ക 150 മില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തു. 

കാരക്കസ്: വെനസ്വേലയെ ദുരന്തഭൂമിയാക്കിയ ഇരട്ട ഭൂചലനത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 200ലധികം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം വൻ നാശം വിതച്ചത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേല നേരിട്ടത്. 200ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ. കൂറ്റൻ ഹോട്ടലുകളടക്കം തകർന്നുകിടക്കുകയാണ്. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനു പകരം കെട്ടിടങ്ങൾക്കുള്ളിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഊർജിത ശ്രമം നടക്കുന്നത്.

തലസ്ഥാനമായ കാരക്കസിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതൽ നാശം ഉണ്ടായത്. ദുരന്തത്തിൽ കേടുപാട് സംഭവിച്ച വിമാനത്താവളം അടച്ചതോടെ ഇവിടെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പരിക്കേറ്റ മനുഷ്യരെയും മൃഗങ്ങളെയും വലിച്ചെടുക്കുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണ്.

രാജ്യത്തെ മുഴുവൻ രക്ഷാസംഘങ്ങളെയും ലാ ഗൈറയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വെനസ്വേലൻ ഭരണകൂടം. ഭൂചലനത്തെ തുടർന്ന് വെനസ്വേലൻ ആക്ടിങ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തകർന്ന ആശുപത്രികൾക്കും വീടുകൾക്കും വേണ്ടി സർക്കാർ 200 മില്യൺ ഡോളറിന്റെ പുനർനിർമ്മാണ ഫണ്ട് സൃഷ്ടിക്കുന്നുണ്ടെന്ന് റോഡ്രിഗസ് അറിയിച്ചു.

മെക്സിക്കോ, ഖത്തർ, ബ്രസീൽ, സ്പെയിൽ, പോർച്ചുഗൽ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങൾ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ സൈനിക ഉദ്യോഗസ്ഥർ, തെരച്ചിന് വേണ്ടിയുള്ള നായകൾ, തെരച്ചിൽ സംഘങ്ങൾ, മെഡിക്കൽ സാമഗ്രികൾ, വാട്ടർ പ്യൂരിഫയറുകൾ, വിമാനങ്ങൾ, ഡ്രോണുകൾ എന്നിവ ഉൾപ്പെടുന്നു. ലിയോ പതിനാലാമൻ മാർപാപ്പ ആദ്യ സഹായമെന്ന നിലയിൽ ഒരുലക്ഷം യൂറോ കൈമാറി. നിരവധി കപ്പലുകൾ അടിയന്തര സഹായ സാമഗ്രികളുമായി വെനസ്വേലയിലേക്ക് പുറപ്പെട്ടു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വെനസ്വേലയ്ക്കെതിരെ തുടരുന്ന ഉപരോധം ഒക്ടോബർ 23 വരെ യുഎസ് നീക്കി. കൂടാതെ, 150 മില്യൺ ഡോളറിൻ്റെ സഹായവും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.

വെനസ്വേല വലിയ രാഷ്ട്രീയ അസ്ഥിരത നേരിടുന്നതിനിടെ ഭൂചലനം കൂടി സംഭവിക്കുന്നത്. കഴിഞ്ഞ ജനുവരി മുതൽ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയും ഭാര്യയും അമേരിക്കയുടെ കസ്റ്റഡിയിലാണ്. നിലവിൽ അമേരിക്കൻ പിന്തുണയുള്ള ഭരണകൂടമാണ് വെനസ്വേലയിലുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ; തീരുമാനം കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ
കൊല്ലപ്പെട്ടത് 329 പേർ, 40 വർഷത്തിന് ശേഷം തുറന്നുസമ്മതിച്ച് കാനഡ; എയർ ഇന്ത്യ വിമാനം ബോംബിട്ട് തകർത്തത് ഖാലിസ്ഥാൻ ഭീകരർ തന്നെ