കൊവിഡും യുദ്ധവും തകര്‍ത്തു, ജീവിക്കാന്‍ കറുപ്പ് കൃഷിചെയ്ത് അഫ്ഗാനിലെ ജനങ്ങള്‍

By Web TeamFirst Published Aug 29, 2020, 9:30 AM IST
Highlights

'' ഞങ്ങളുടെ സ്‌കൂള്‍ അടച്ചിരിക്കുകയാണ്. അതുകൊണ്ട് കറുപ്പ് കൃഷിക്ക് ധാരാളം സമയം കിട്ടുന്നുണ്ട്. അങ്ങനെയാണ് പണം കണ്ടെത്തുന്നത്...''
 

കാബൂള്‍: ലോകത്തെ മുഴുവന്‍ ബാധിച്ച കൊവിഡ് വൈറസ് അഫ്ഗാനിസ്ഥാനിലെ ജനങ്ങളെയും തളര്‍ത്തി. സ്‌കൂളുകള്‍ അടച്ചു, തൊഴില്‍ ഇല്ലാതായി, ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗമില്ലാതെ മയക്കുമരുന്നായ കറുപ്പ് കൃഷി ചെയ്യുകയാണ് ആഫ്ഗാനിലെ തൊഴില്‍ രഹിതര്‍. ലോകത്തുതന്നെ വിറ്റഴിക്കുന്ന കറുപ്പിന്റെ 80 ശതമാനവും ഉത്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. ആയിരക്കണക്കിന് പേര്‍ക്കാണ് ഇതുവഴി ജോലി ലഭിച്ചത്. ഇതുവഴി നിരവധി പേരാണ് ജീവിതം കണ്ടെത്തിയിരുന്നത്. 

കൊവിഡ് വ്യാപിച്ചതോടെ യാത്രാ വിലക്കുകള്‍ വന്നത് കറുപ്പ് കൃഷിയെയും വില്‍പ്പനയെയും ബാധിച്ചു. ആഭ്യന്തര കലാപങ്ങള്‍ നടക്കുന്ന അഫ്ഗാനില്‍ മറ്റുതൊഴിലുകളും അപൂര്‍വ്വമാണ്. 

'' കൊറോണ കാരണം എനിക്കെന്റെ ജോലി നഷ്ടപ്പെട്ടു. 12 അംഗ കുടുംബമാണ് എന്റേത്. എന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. '' 42കാരനായ ഫൈസി പറഞ്ഞു. ഉറുസ്ഗാനിലെ മെക്കാനിക്കാണ് ഫൈസി. പണം കണ്ടെത്താന്‍ എനിക്ക് മറ്റുമാര്‍ഗ്ഗമില്ല, താന്‍ കറുപ്പ് കൃഷി ചെയ്യുകയാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. വേനല്‍ക്കാലമായാല്‍ ചില ചെറിയ ജോലികള്‍ ലഭിക്കാറുണ്ട്. എന്നാല്‍ കൊവിഡ് കാരണം ഇത്തവണ അതുമില്ല. 

'' ഞങ്ങളുടെ സ്‌കൂള്‍ അടച്ചിരിക്കുകയാണ്. അതുകൊണ്ട് കറുപ്പ് കൃഷിക്ക് ധാരാളം സമയം കിട്ടുന്നുണ്ട്. അങ്ങനെയാണ് പണം കണ്ടെത്തുന്നത്. എന്റെ 20 ഓളം സുഹൃത്തുക്കള്‍ കൃഷിക്ക് ഇറങ്ങുന്നുണ്ട്...'' 18കാരനായ വിദ്യാര്‍ത്ഥി നാസിര്‍ അഹമ്മദ് പറഞ്ഞു. 38000 കൊവിഡ് കേസുകളാണ് അഫ്ഗാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1400 പേര്‍ മരിച്ചു. 

click me!