
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ 'വൈയാനു' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഞായറാഴ്ച പുലർച്ചെ ആരംഭിച്ച അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അടുത്ത 24 മണിക്കൂർ കൂടി നോർത്ത് ഐലൻഡിൽ അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് ചാതം ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കടലിൽ 13 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ‘മെറ്റ്‌സർവീസ്’ മുന്നറിയിപ്പ് നൽകി. നോർത്ത് ഐലൻഡിന്റെ മിക്ക ഭാഗങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും മറ്റും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വക്കാറ്റാനെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചുരുങ്ങിയത് രണ്ട് ദിവസത്തേക്കെങ്കിലും ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചു. 2023-ൽ ന്യൂസിലാൻഡിൽ വലിയ നാശം വിതച്ച ഗബ്രിയേൽ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ 11 പേർക്ക് ജീവൻ നഷ്ടപ്പെടുകയും വലിയ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യം ഒഴിവാക്കാൻ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam