ബംഗ്ലാദേശ് മുൻ പ്രസിഡന്റ് സിയാവുർ റഹ്മാനെ വധിച്ച കേസിൽ 45 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ മുസാഫർ ഹൊസൈൻ അറസ്റ്റിൽ. 1981-ൽ നടന്ന കൊലപാതകത്തിലെ പ്രധാനികളിൽ ഒരാളായ ഇയാളെ ധാക്കയിൽ നിന്നാണ് പിടികൂടിയത്. നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ പിതാവാണ് കൊല്ലപ്പെട്ട സിയാവുർ റഹ്മാൻ.
ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡന്റും ഭരണകക്ഷിയായ ബി.എൻ.പിയുടെ (ബംഗ്ലാദേശ് നാഷണൽ പാർട്ടി) സ്ഥാപകനുമായ സിയാവുർ റഹ്മാനെ വധിച്ച കേസിൽ ഉൾപ്പെട്ട മുൻ സൈനിക ഉദ്യോഗസ്ഥൻ 45 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. മുൻ ആർമി മേജറായ മുസാഫർ ഹൊസൈൻ (77) ആണ് ധാക്കയിലെ ബനാനി ഡി.ഒ.എച്ച്.എസ് പ്രദേശത്തുനിന്ന് പിടിയിലായത്. ബുധനാഴ്ച അർദ്ധരാത്രിയോടെ ധാക്ക മെട്രോപൊളിറ്റൻ ഡിറ്റക്ടീവ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നിലവിലെ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ പിതാവാണ് കൊല്ലപ്പെട്ട സിയാവുർ റഹ്മാൻ. ആറുമാസം മുൻപ് അധികാരമേറ്റ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി സർക്കാരിന് വലിയൊരു രാഷ്ട്രീയ വിജയമാണ് ഈ അറസ്റ്റ്. സിയാവുർ റഹ്മാനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന സർക്കാരിന്റെ പ്രധാന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ അറസ്റ്റ്. 1981 മെയ് 30-ന് പുലർച്ചെ ചിറ്റഗോങ് സർക്യൂട്ട് ഹൗസിൽ വെച്ചാണ് ഒരു കൂട്ടം ഇടത്തരം സൈനിക ഉദ്യോഗസ്ഥർ നടത്തിയ അട്ടിമറി ശ്രമത്തിനിടെ സിയാവുർ റഹ്മാൻ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
കേസ് രേഖകൾ പ്രകാരം പ്രസിഡന്റിന് നേരെ നേരിട്ട് വെടിയുതിർത്ത പ്രധാനികളിൽ ഒരാളാണ് മേജർ മുസാഫർ ഹൊസൈൻ. കൊലപാതകത്തിന് തൊട്ടുപിന്നാലെ രാജ്യം വിട്ട ഇയാൾ ഇത്രയും കാലം ഒളിവിൽ കഴിയുകയായിരുന്നു. അറസ്റ്റിലായ മുസാഫർ ഹൊസൈനെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ സൈനിക വിചാരണ നടപടികൾക്കായി ബംഗ്ലാദേശ് സൈന്യത്തിന് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.


