
ജക്കാര്‍ത്ത: കനത്ത മഴയെത്തുടർന്ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 303 ആയി. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണ് വലിയ ദുരിതത്തിന് കാരണം. മുന്നൂറോളം പേരെ കാണാനില്ലെന്നാണ് വിവരം. സുമാത്ര പ്രവിശ്യയിലെ 15 നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. 17,000 വീടുകൾ വെള്ളത്തിൽ മുങ്ങിയെന്നാണു കണക്ക്. നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവയുടെ വലിയ ഭാഗങ്ങൾ ഒരാഴ്ചയായി ചുഴലിക്കാറ്റ് മൂലമുള്ള പേമാരിയിൽ വലയുകയാണ്.
മണ്ണിടിച്ചിലിൽ റോഡുകൾ തകരുകയും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ നശിക്കുകയും ചെയ്തതോടെ ദ്വീപ് ഒറ്റപ്പെട്ട നിലയിലാണ്. ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് ഉണ്ടായ റോഡ് തടസ്സം മറികടക്കാൻ രക്ഷാസേന ശ്രമിക്കുന്നുണ്ടെന്നും ആളുകൾ റോഡിന്റെ ഒരു ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ഇന്തോനേഷ്യ സൈനിക മേധാവി സുഹര്യാന്റോ വാർത്താ ഏജൻസികളോട് പ്രതികരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കൂടുതൽ സൈന്യത്തെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് ദിവസം മുമ്പ് ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്തുള്ള ദ്വീപില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. സിമെലു ദ്വീപില്‍ 25 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നും നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മഴ ശക്തമായത്. നേരത്തെ വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേര്‍ മരിച്ചിരുന്നു.