
അങ്കാറ: റഷ്യയുടെ ഓയിൽ ടാങ്കർ കപ്പലുകൾ ഡ്രോൺ ആക്രമണത്തിൽ തകർന്നു. ശനിയാഴ്ച രാവിലെ തുർക്കി തീരത്തിനു സമീപം വിരാട്, കൊറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്നാണ് തുർക്കി അവകാശപ്പെടുന്നത്. യുക്രൈൻറെ രഹസ്യ ഡ്രോണുകളാണ് കരിങ്കടലിൽ വച്ച് റഷ്യൻ ഓയിൽ കപ്പൽ തകർത്തതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലിൽ വലിയ രീതിയിൽ പൊട്ടിത്തെറി ഉണ്ടായതായാണ് റിപ്പോർട്ടുകളും പുറത്ത് വന്ന ദൃശ്യങ്ങളും വിശദമാക്കുന്നത്. തുർക്കിക്ക് സമീപത്തെ ബോസ്ഫറസ് കടലിടുക്കിൽ വച്ചാണ് റഷ്യൻ ടാങ്കർ കപ്പൽ ഡ്രോൺ ആക്രമണത്തിന് ഇരയായത്. തുർക്കിയുടെ തീരത്തിന് 28 മൈൽ അകലെയാണ് ഓയിൽ ടാങ്കർ ഡ്രോൺ ആക്രമണത്തിൽ തകർന്നത്. വിരാടിന് നേരെ വെള്ളിയാഴ്ചയും ആക്രമണ ശ്രമം നടന്നിരുന്നു. ഓയിൽ ടാങ്കർ ക്രൂ അംഗങ്ങൾ ഡ്രോൺ ആക്രമണം റേഡിയോ ഡിസ്ട്രെസ് കാളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
'ഇത് വിരാട് ആണ്. സഹായം ആവശ്യമാണ്, മെയ് ഡേ' എന്നാണ് റേഡിയോ കോളിൽ ലഭിച്ച സന്ദേശമെന്നാണ് തുർക്കി വിശദമാക്കുന്നത്. വിരാടിന് പുറമേ കൊറോസ് എന്ന കപ്പലാണ് ആക്രമണത്തിനിരയായത്. തുർക്കി ഗതാഗത വകുപ്പ് മന്ത്രി വിശദമാക്കുന്നത് അനുസരിച്ച് മൈൻ, റോക്കറ്റ്, ഡ്രോൺ പോലെ പുറത്ത് നിന്നുള്ള ആക്രമണമാണ് നടന്നിട്ടുള്ളത്. വിരാടിന് ആക്രമണത്തിൽ സാരമായ കേടുപാടുണ്ടെങ്കിലും മുങ്ങിപ്പോവുന്ന നിലയില്ലെന്നും ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്നുമാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 274 മീറ്റർ നീളമുള്ള കൊറോസിനുള്ളിൽ നിന്ന് 25 ജീവനക്കാരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചതായാണ് പുറത്ത് വരുന്നത്. റഷ്യയിലെ നൊവൊറോസിയസ്കിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പൽ.
റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുക്രൈന് മേൽ സമ്മർദ്ദം ശക്തമാവുന്നതിന് ഇടയിലാണ് റഷ്യൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം. എസ്ബിയുവും യുക്രൈൻ നാവിക സേനയും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ ഇന്ധന ഗതാഗത മേഖലയ്ക്ക് ശക്തമായ തിരിച്ചടിയാണ് ആക്രമണമെന്നാണ് വിലയിരുത്തൽ.