
സിയാറ്റിൽ : തന്റെ മകളെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി സെക്സ് റാക്കറ്റിന്(sex racket) വിറ്റു പണം തട്ടി കടന്നു കളഞ്ഞ അവളുടെ പത്തൊമ്പതുകാരനായ കാമുകനെ(boyfriend), തേടിപ്പിടിച്ചു ചെന്ന് കുത്തിക്കൊന്ന് അച്ഛന്റെ പ്രതികാരം (revenge). അമേരിക്കയിലെ സിയാറ്റിലിൽ ആണ് സംഭവം. ജോൺ ഐസ്മാൻ എന്ന അറുപതുകാരനെയാണ് പോലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റു ചെയ്തിട്ടുള്ളത്. യുവാവിന്റെ മൃതശരീരം അഴുകിത്തുടങ്ങിയ നിലയിൽ അയാളുടെ കാറിൽ നിന്ന് ഒക്ടോബർ 22 -ന് കണ്ടെടുക്കപ്പെട്ടതിനു പിന്നാലെ നടന്ന അന്വേഷണമാണ് അയാളുടെ കാമുകിയുടെ പിതാവിലേക്ക് എത്തിച്ചേർന്നത്.
2020 ഒക്ടോബർ മാസത്തിലാണ് തന്റെ മകൾ സെക്സ് റാക്കറ്റിന്റെ പിടിയിൽ പെട്ട് നരകിക്കുകയാണ് എന്ന വിവരം ഐസ്മാൻ അറിയുന്നത്. ഉടനടി ചെന്ന് തന്റെ മകളെ അദ്ദേഹം റാക്കറ്റിൽ നിന്ന് മോചിപ്പിച്ച് തിരികെ വീട്ടിലെത്തിക്കുന്നു. വീട്ടിലെത്തിയ ശേഷമാണ് മകൾ, തന്നെ ചതിയിൽ പെടുത്തി സെക്സ് റാക്കറ്റിനു വിറ്റത് കാമുകനായ ആൻഡ്രൂ സോറെൻസൺ തന്നെയാണ് എന്ന വിവരം അച്ഛനോട് വെളിപ്പെടുത്തുന്നത്.
അന്നുമുതൽ ആൻഡ്രൂവിനെ തിരഞ്ഞുകൊണ്ടിരുന്ന ഐസ്മാൻ, എയർവെ ഹൈറ്റ്സ് എന്ന സമീപസ്ഥ പട്ടണത്തിലേക്ക് അയാൾ വരുന്നുണ്ട് എന്ന വിവരം അറിയുന്നു. അവിടേക്ക് ചെന്ന് ആൻഡ്രുവിനെ നേരിൽ കാണുന്ന ഐസ്മാൻ, അയാളെ തന്റെ കാറിൽ തട്ടിക്കൊണ്ടുപോവുന്നു. തുടർന്ന് കാടിനു നടുവിൽ ആളൊഴിഞ്ഞിടത്തേക്ക് കൊണ്ട് പോയി, അയാളെ കെട്ടിയിട്ടു ചോദ്യം ചെയ്യുന്നു. തന്റെ മകളെ സെക്സ് റാക്കറ്റിനു കൈമാറിയതിന്റെ ഉത്തരവാദിത്തം ആൻഡ്രുവിനു തന്നെയാണ് എന്ന് ബോധ്യപ്പെട്ട ശേഷം ഐസ്മാൻ അയാളെ തലയ്ക്ക് ഹോളോബ്രിക്സ് കൊണ്ട് അടിച്ചും കത്തികൊണ്ട് തുടർച്ചയായി കുത്തിയും വധിക്കുന്നു. അതിനു ശേഷം ആൻഡ്രുവിന്റെ മൃതദേഹം ഡിക്കിയിൽ വഹിച്ചു കൊണ്ട് സ്പോകെൻ കൗണ്ടിയുടെ വടക്കൻ മലനിരകളിലെ കാടിനു നടുവിൽ കൊണ്ടുപോയി വണ്ടി അവിടെ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു ഐസ്മാൻ.
ആഴ്ചകൾക്ക് ശേഷം അവിടെ ക്യാമ്പിങ്ങിനു വന്ന പ്രദേശവാസികളിൽ ചിലരാണ് അസഹ്യമായ ദുർഗന്ധം വമിക്കുന്ന കാർ കണ്ടെത്തുന്നതും പൊലീസിൽ അറിയിക്കുന്നതും. ഈ വാഹനം ഐസ്മാന്റെ കാമുകി ബ്രെണ്ടയുടേതായിരുന്നു എന്നതുകൊണ്ട് പൊലീസ് ആദ്യമെത്തുന്നത് അവിടേക്കാണ്. പൊലീസ് വന്നപ്പോൾ അവരോട് വാഹനം 2020 -ൽ മോഷണം പോയതാണ് എന്നാണ് ഐസ്മാൻ പറഞ്ഞത്. എന്നാൽ ബ്രെണ്ടയെ ചോദ്യം ചെയ്തപ്പോൾ അതിനു വിരുദ്ധമായ മൊഴികൾ കിട്ടിയതോടെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഐസ്മാൻ തന്റെ കുറ്റം സമ്മതിക്കുന്നത്. നിലവിൽ, കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ പൊലീസ് കസ്റ്റഡിയിലാണ് ഐസ്മാൻ ഉള്ളത്.
ഈ അച്ഛന്റെ നടപടിയെ പുകഴ്ത്തിക്കൊണ്ട് ചിലർ ട്വീറ്റ് ചെയ്തു എങ്കിലും, നിയമം കയ്യിലെടുക്കുന്നതിലെ അപകടങ്ങളെപ്പറ്റിയും സോഷ്യൽ മീഡിയയിൽ ഈ സംഭവത്തെ ആധാരമാക്കിക്കൊണ്ട് പ്രതികരണങ്ങൾ വരികയുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam