
ലാസ: തന്‍റെ പിൻഗാമിയെ നിശ്ചയിക്കുന്നതിൽ ചൈനയുടെ ഇടപെടൽ തടഞ്ഞ് ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ. പിൻഗാമിയെ തന്‍റെ മരണശേഷമേ നിശ്ചയിക്കൂ എന്ന് ദലൈലാമ വ്യക്തമാക്കി. പതിനഞ്ചാം ദലൈലാമയെ തെരഞ്ഞെടുക്കാനുള്ള അവകാശം ദലൈലാമയുടെ ഓഫീസിനാകും. ഈ ചുമതലയുള്ള ഗാദെൻ ഫോട്റങ് ട്രസ്റ്റിനു മാത്രമാകും അധികാരമെന്ന് നിലവിലെ ദലൈലാമ അറിയിച്ചു.
"ഭാവിയിൽ ദലൈലാമയെ തെരഞ്ഞെടുക്കുന്ന പ്രക്രിയ എങ്ങനെയാണെന്ന് 2011 സെപ്റ്റംബർ 24-ലെ പ്രസ്താവനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പുതിയ ദലൈലാമയെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം ദലൈലാമയുടെ ഓഫീസായ ഗാഡെൻ ഫോട്റങ് ട്രസ്റ്റിലെ അംഗങ്ങൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റാർക്കും ഇതിൽ ഇടപെടാൻ അധികാരമില്ല"- പതിനാലാമത് ദലൈലാമ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ദലൈലാമ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്ന ചൈനയ്ക്ക് വ്യക്തമായ സന്ദേശമാണ് ദലൈലാമ ഇതിലൂടെ നൽകിയിരിക്കുന്നത്.
പിൻഗാമിയെ പതിനാലാമൻ ദലൈലാമ തന്‍റെ 90ാം ജന്മദിനമായ ജൂലൈ 6ന് പ്രഖ്യാപിക്കും എന്ന് വിശ്വാസികൾ പ്രതീക്ഷിച്ചിരുന്നു. ദലൈലാമ തെരഞ്ഞെടുപ്പിൽ പിടിമുറുക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച വ്യക്തമായ സന്ദേശം ദലൈലാമ നൽകിയത്.
1959-ൽ ലാസയിലെ ചൈനീസ് ഭരണത്തിനെതിരായ പ്രക്ഷോഭം ലക്ഷ്യം കാണാതിരുന്നതോടെയാണ് ഇപ്പോഴത്തെ ദലൈലാമ പതിനഞ്ചാം വയസ്സിൽ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ആയിരക്കണക്കിന് ടിബറ്റുകാരോടൊപ്പം ഇന്ത്യയിലേക്ക് വന്നു. ചൈന അദ്ദേഹത്തെ വിഘടനവാദിയും വിമതനുമാണെന്ന് മുദ്രകുത്തി. 1,40,000 ടിബറ്റൻ വംശജരുടെ നിയന്ത്രണം ഇന്ത്യയുടെ അനുവാദത്തോടെ ഇപ്പോൾ ധരംശാലയിൽ പ്രവർത്തിക്കുന്ന ഭരണകൂടത്തിനാണ്. പുതിയ ദലൈലാമ ചൈനയ്ക്ക് പുറത്തുള്ളയാളാവും എന്നാണ് പൊതു ധാരണ.
ചൈനയിൽ താമസിക്കുന്ന ഒരാൾക്കേ ലാമയാകാൻ കഴിയൂ എന്നാണ് ചൈനീസ് സർക്കാരിൻറെ നിലപാട്. പുതിയ ലാമയെ തെരഞ്ഞെടുക്കാൻ ചൈന നീക്കം തുടങ്ങിയിരുന്നു. ടിബറ്റിൽ ചൈന നിയോഗിച്ച പഞ്ചൻലാമ പ്രസിഡൻറ് ഷി ജിൻപിംഗുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ 600 കൊല്ലം പഴക്കമുള്ള ദലൈലാമ എന്ന ആത്മീയ സ്ഥാനത്തിന് തുടർച്ചയുണ്ടാകും എന്ന പ്രഖ്യാപനം ടിബറ്റൻ വംശജർക്ക് വലിയ ആശ്വാസമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam