
ബ്രിട്ടീഷ് കൊളംബിയ: ഇന്ത്യൻ വംശജനായ ബിസിനസുകാരനെ കാനഡയിൽ വീട്ടുമുറ്റത്ത് വച്ച് വെടിവച്ച് കൊലപ്പെടുത്തി. കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലുധിയാന സ്വദേശിയായ ദർശൻ സിങ് സഹ്സിയാണ് കൊല്ലപ്പെട്ടത്. കാനം ഇൻ്റർനാഷണൽ എന്ന കമ്പനിയുടെ പ്രസിഡൻ്റായിരുന്നു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള അബോട്‌സ്ഫോർഡിലെ റിഡ്‌ജ്‌വ്യൂ ഡ്രൈവ് 31300 ബ്ലോക്കിലെ വീട്ടുമുറ്റത്ത് വച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരാണ് ദർശൻ സിങ് സഹ്സിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
പിന്നീട് അടിയന്തിരമായി ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കിയെങ്കിലും ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല. കൊലയാളി ദർശൻ സിങ് സഹ്സിയുടെ വീടിന് വെളിയിൽ കാറിൽ കാത്തിരിക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ദർശൻ വീട്ടിൽ നിന്ന് പുറത്തിറങ്ങി സ്വന്തം കാറിൽ കയറിയ ഉടൻ അക്രമിയെത്തി വെടിയുതിർത്തുവെന്നാണ് നിഗമനം. എന്നാൽ കൊലയാളിയാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യമല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥനായ പോൾ വാക്കർ പ്രതികരിച്ചു. പിതാവിന് ശത്രുക്കളുണ്ടായിരുന്നില്ലെന്നും ആരിൽ നിന്നും ഭീഷണി നേരിട്ടിരുന്നില്ലെന്നുമാണ് ദർശൻ്റെ മകൻ അർപൻ സിങ് പ്രതികരിച്ചത്. 1991 ലാണ് പഞ്ചാബിൽ നിന്ന് ദർശൻ സിങ് സഹ്‌സി കാനഡയിലേക്ക് കുടിയേറിയത്. പിന്നീട് സ്വന്തം കമ്പനി സ്ഥാപിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam