
ന്യൂയോർക്ക് : മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. 2028 ൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ 'ആഗ്രഹിക്കുന്നു' എന്നാണ് ട്രംപ് സൂചന നൽകിയത്. ഞെട്ടലോടെയാണ് അമേരിക്കക്കാർ ട്രംപിന്റെ വാക്കുകളെ കേട്ടത്. അമേരിക്കൻ ഭരണഘടന അടിസ്ഥാനത്തിൽ മൂന്നാം വട്ടവും പ്രസിഡന്റ് ആകുകയെന്നത് അനുവദനീയമല്ലാത്ത കാര്യമാണെന്നതാണ് കാരണം. ഒരേ ആൾ മൂന്ന് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിന് യു.എസ്. ഭരണഘടന അടിസ്ഥാനത്തിൽ സാധ്യമല്ല. ഈ വിലക്ക് മറികടക്കാൻ ചില പിന്തുണക്കാർ ട്രംപിനെ നിർദ്ദേശിച്ചതായാണ് വിവരം.
യു.എസ്. ഭരണഘടനയുടെ 22-ാം ഭേദഗതി ഒരു പ്രസിഡൻ്റ് രണ്ട് തവണയിൽ കൂടുതൽ അധികാരത്തിൽ വരുന്നതിനെ വിലക്കുന്നു. ഈ ഭേദഗതി റദ്ദാക്കണമെങ്കിൽ, ജനപ്രതിനിധി സഭയുടെയും സെനറ്റിൻ്റെയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള അംഗീകാരം വേണം. അല്ലെങ്കിൽ, മൂന്നിൽ രണ്ട് സംസ്ഥാന നിയമസഭകൾ ചേർന്ന് ഒരു ഭരണഘടനാ കൺവെൻഷൻ വിളിച്ചുചേർക്കണം. ഈ രണ്ട് സാഹചര്യങ്ങളും നിലവിൽ നടക്കാൻ സാധ്യതയില്ലാത്ത ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഭേദഗതി റദ്ദാക്കൽ പ്രാബല്യത്തിൽ വരണമെങ്കിൽ, 38 സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി ആവശ്യമാണ്.
കഴിഞ്ഞ ആഴ്ച, ട്രംപിന്റെ ഉപദേഷ്ടാവ് സ്റ്റീവ് ബാനൺ, ട്രംപിന് മൂന്നാം ഊഴം ഉറപ്പാക്കാൻ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ട്രംപ് 2028-ൽ പ്രസിഡൻ്റാകും, ആളുകൾ അതിനോട് പൊരുത്തപ്പെടണം. ഉചിതമായ സമയത്ത്, ആ പദ്ധതി എന്താണെന്ന് ഞങ്ങൾ വിശദീകരിക്കുന്നതാണെന്നായിരുന്നു ദി ഇക്കണോമിസ്റ്റിനോട് സംസാരിക്കവെ ബാനൺ പറഞ്ഞത്.
താൻ 2028 ൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. മലേഷ്യയിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, തനിക്ക് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാമെങ്കിലും 2028-ൽ അതിന് പദ്ധതിയില്ലെന്ന് ട്രംപ് വ്യക്തമാക്കി. പ്രസിഡന്റായ ഞാൻ അടുത്ത വട്ടം വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ജനങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. അത് വളരെയധികം 'ചെറുതായി' പോകുമെന്നും ട്രംപ് പറയുന്നു. ആരെയാകും പിൻഗാമിയായി കാണുന്നതെന്ന ചോദ്യത്തിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പിൻഗാമികളായി യു.എസ്. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിനെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയുമാണ് ട്രംപ് ചൂണ്ടിക്കാണിച്ചത്.