കൊടുംഭീകരൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

By Web TeamFirst Published Jun 5, 2020, 4:06 PM IST
Highlights

കറാച്ചിയിലെ സൈനികാശുപത്രിയിലാണ്  ദാവൂദ് ഇബ്രാഹിമും ഭാര്യയും ചികിത്സയിലുള്ളതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. 

മുംബൈ: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കറാച്ചിയിലെ സൈനികാശുപത്രിയിലാണ്  ദാവൂദ് ഇബ്രാഹിമും ഭാര്യയും ചികിത്സയിലുള്ളതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. 

ദാവൂദ് ഇബ്രാഹിമിനേയും ഭാര്യ മെഹസാബിനേയും കൂടാതെ ദാവൂദിൻ്റെ വ്യക്തിഗത സുരക്ഷാജീവനക്കാരിൽ ചിലരും നിരീക്ഷണത്തിലായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.  1993-ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാകിസ്ഥാനിൽ ഒളിച്ചു കഴിയുന്നതായാണ് വിവരം. 2003-ൽ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 

അതേസമയം പാകിസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 89,249 ആയി ഉയർന്നു. 1838 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് പാകിസ്ഥാനിൽ മരിച്ചത്. അമേരിക്കൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥനടക്കം നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതായിരുന്നു വിവരം പുറത്തു വന്നിരുന്നു. 
 

click me!