
ധാക്ക: കലാപാനന്തരം ബംഗ്ലദേശിൽ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് എതിരായ കേസുകളിൽ ധാക്കയിലെ പ്രത്യേക ട്രിബ്യുണൽ ഇന്ന് വിധി പറയും. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ ഹസീനക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം. ഹസീനക്കെതിരായ കേസിൽ വിധി പറയുന്ന സാഹചര്യത്തിൽ ബംഗ്ലദേശിൽ ഉടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഹസീനയ്ക്ക് ജയിൽ ശിക്ഷയോ വധശിക്ഷയോ വിധിച്ചാൽ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ അവരുടെ പാർട്ടി ആയ അവാമി ലീഗ് ആഹ്വനം ചെയ്തിട്ടുണ്ട്. തെരുവിൽ ഇറങ്ങുന്നവരെ കർശനമായി നേരിടുമെന്ന് ബംഗ്ലദേശിലെ ഇടക്കാല സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാജ്യം പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്താണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഹസീനയുടെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമൽ, അന്നത്തെ പൊലീസ് ഇൻസ്പെക്ടർ ജനറൽ ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവർക്കെതിരെയാണ് ബംഗ്ലദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ വിധി പറയുന്നത്. കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവ ചുമത്തിയതിനാൽ ഹസീനയ്ക്ക് വധശിക്ഷ കിട്ടുമെന്ന് പലരും കരുതുന്നു. ഹസീനക്കെതിരായ കേസിൽ വിധി പറയുന്ന സാഹചര്യത്തിൽ അവാമി ലീഗിന്‍റെ പ്രതിഷേധം ഉണ്ടായാൽ കർശനമായി നേരിടാനാണ് മുഹമ്മദ് യുനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്‍റെ തീരുമാനം. തെരുവിൽ ഇറങ്ങുന്നവരെ കർശനമായി നേരിടുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ധാക്കയിൽ അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
ബംഗ്ലാദേശ് വിട്ട ഹസീന ഇപ്പോൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.