ഭൂചലനത്തിൽ മരണം 5000 കടന്നു; തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനത്തിന് കനത്ത മഞ്ഞും മഴയും തിരിച്ചടി

By Web TeamFirst Published Feb 7, 2023, 7:07 PM IST
Highlights

മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്. 

ഇസ്താംബൂൾ : ഭൂചനത്തിൽ നടുങ്ങിയ തുർക്കിയിലും സിറിയയിലും രക്ഷാ പ്രവർത്തനത്തിന് തടസമായി കനത്ത മഞ്ഞും മഴയും. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ലോകത്തെയാകെ നടുക്കിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്. 

രാജ്യം കണ്ടതിൽവച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന സഹായം തേടിയുള്ള നിലവിളികൾ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകളും ഏറെ വേദനിപ്പിക്കും. ഭൂചലനം നടന്ന് ഒരു ദിവസം പിന്നിടുമ്പോൾ ആദ്യ ദിവസമുണ്ടായ തുടർ ചലനങ്ങൾ നിലച്ചതാണ് പ്രധാന ആശ്വാസം. ഇപ്പോഴും തുടരുന്ന കനത്ത മഞ്ഞ് വീഴ്ചയും മഴയുമാണ് രക്ഷാ പ്രവർത്തനത്തിന് വൻ വെല്ലുവിളിയുയർത്തുന്നത്. 

കെട്ടിടങ്ങൾക്ക് അകത്ത് കുടുങ്ങിയവരുടെ നിലവിളിയും ശബ്ദ സന്ദേശങ്ങളും എത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടേയും സാഹായം അഭ്യാർത്ഥിക്കുന്നു. പക്ഷേ  രക്ഷാ പ്രവർത്തകർക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താനായിട്ടില്ല. കനത്ത മഴയും മഞും റോഡും വൈദ്യുതി ബന്ധങ്ങളും തകർന്നതാണ് പ്രധാന തടസം. ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നും മുന്നറിയിപ്പ്.  8000 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി തുർക്കി വ്യക്തമാക്കി. വീടും താമസസ്ഥലവും നഷ്ടമായവരുടെ പുനരധിവാസവും പരിക്കേറ്റവരുടെ ചികിത്സയും പ്രതിസന്ധി കൂട്ടുന്നു. ദുരന്ത മേഖലയിൽ 50000 ടെന്റുകളും ഒരു ലക്ഷം കിടക്കകളും ഒരുക്കിയതായി തുർക്കി അറിയിച്ചു. തുടർ പ്രകമ്പന സാധ്യതയുള്ള മേഖലകൾ കണ്ടെത്താൻ മറ്റ് രാജ്യങ്ങളുടെ അടക്കം സാറ്റലൈറ്റ് നിരീക്ഷണ റിപ്പോർട്ടുകൾ കൈമാറുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.

ഭൂചലന പരമ്പര: തുർക്കിയിലും സിറിയയിലും മരണം 4800; ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

അതേ സമയം, തുടർ ഭൂചലനങ്ങളിൽ വൻ തിരിച്ചടി നേരിട്ട തുര്‍ക്കിക്ക് ലോക രാജ്യങ്ങളുടെ സഹായ പ്രവാഹം. അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുർക്കിയിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുർക്കിക്ക് സഹായം വാഗ്ദാനം ചെയ്തു. റഷ്യയും നെതര്‍ലന്‍ഡസും തുര്‍ക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകാമെന്ന് അറിയിച്ചു. 

click me!