കൊറോണ ബാധ; ചൈനയിൽ മരണസംഖ്യ 700 കടന്നു, സാമ്പത്തികസഹായം തേടി ലോകാരോഗ്യസംഘടന

By Web TeamFirst Published Feb 8, 2020, 7:07 AM IST
Highlights

രണ്ട് പതിറ്റാണ്ട് മുന്പ് ചൈനയേയും ഹോങ്കോങിനേയും ഭീതിയിലാഴ്ത്തിയ സാർസിനേക്കാൾ കൂടുതൽ പേരെ കൊന്നൊടുക്കിയ റെക്കോ‍ർഡ് ഇനി കൊറോണയ്ക്ക്

ബെയ്ജിംഗ്: കൊറോണ ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 700 കടന്നു. സാർസ് ബാധിച്ച് ചൈനയിലും ഹോങ്കോങിലും മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങളിൽ നിന്ന് 67 കോടി ഡോളർ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി. 

രണ്ട് പതിറ്റാണ്ട് മുന്പ് ചൈനയേയും ഹോങ്കോങിനേയും ഭീതിയിലാഴ്ത്തിയ സാർസിനേക്കാൾ കൂടുതൽ പേരെ കൊന്നൊടുക്കിയ റെക്കോ‍ർഡ് ഇനി കൊറോണയ്ക്ക്. ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന കൊറോണ, ചൈനയിൽ മാത്രം ഇതുവരെ കൊന്നൊടുക്കിയത് 717 പേരെയാണ്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നത് മരണസംഖ്യ ഇനിയും ഉയരാൻ ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഹുബേയിൽ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്. 

ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീൻസിലുമായി രണ്ടുപേരും കൊറോണ ബാധിച്ച് മരിച്ചു. ഇതിനിടെ ചൈനയിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ഹോങ്കോങ് കൂടുതൽ നടപടികൾ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നെത്തുന്നവരോട് രണ്ടാഴ്ചക്കാല പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോങ് നിയമം ലംഘിച്ചാൽ കടുത്ത നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇതിനിടെ, കൊറോണയെ ചെറുക്കാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി. 6,750 ലക്ഷം ഡോളറിന്റെ ധനസഹായം വേണമെന്ന് WHO ഡയറക്ടർ ജനറൽ അഭ്യർത്ഥിച്ചു. ഇതിനിടെ, വൈറസ് ബാധ നേരിടാൻ ചൈനയ്ക്ക് 1,000 ലക്ഷം ഡോളർ സഹായം അമേരിക്ക വാഗ്ദാനം ചെയ്തു. 

click me!