മുൻ ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാൻ വയ്യ; ബിസിനസുകാരൻ കത്തിച്ച് കളഞ്ഞ് 5.3 കോടിയോളം രൂപ !

By Web TeamFirst Published Feb 7, 2020, 8:26 PM IST
Highlights

പണം പിൻവലിച്ചതിന്റെ രസീതുകൾ തെളിവായിട്ടുണ്ടെന്നും പണം കത്തിക്കുന്നത് ആരും കണ്ടിട്ടില്ലെന്നും മക്കോൺവില്ലേ പറഞ്ഞു. ഇയാളുടെ പ്രവർത്തി ധാർമ്മികമായി അപലപനീയമാണെന്ന് ജഡ്ജിയും പറഞ്ഞു.

ഒട്ടാവ (കാനഡ): വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാതിരിക്കാൻ ബിസിനസുകാരൻ കത്തിച്ച് കളഞ്ഞത് കോടികൾ. കാനഡയിലാണ് സംഭവം. ബ്രൂസ് മക്കോൺവില്ലേ എന്നയാളാണ് ഒരു മില്ല്യൺ കനേഡിയൻ ഡോളർ(ഏതാണ്ട് 5.3 കോടിയോളം രൂപ) കത്തിച്ച് കളഞ്ഞത്.

വിവാഹ മോചനത്തിന്റെ ഭാഗമായി ഒരു മില്ല്യൺ കനേഡിയൻ ഡോളർ ഇവരുടെ കുഞ്ഞിനായി ഭാര്യയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതു നൽകാതിരിക്കാനാണ് ബ്രൂസ് ഇത്രയും വലിയ തുക കത്തിച്ചു കളഞ്ഞത്. ഇക്കാര്യം ഇയാൾ ഒട്ടാവ സുപ്പീരിയർ കോടതിയിലെ ജഡ്ജിക്കു മുന്നിൽ തുറന്നു പറഞ്ഞു. 

രണ്ട് തവണകളായിട്ടാണ് താൻ പണം കത്തിച്ചുകളഞ്ഞതെന്ന് ഇയാൾ പറഞ്ഞു. പിന്നാലെ കോടതി വിധി അനുസരിക്കാത്തതിന് ഇയാൾക്ക് 30 ദിവസത്തെ ജയിൽ ശിക്ഷ വിധിച്ചു. 25 തവണകളായി ആറ് ബാങ്ക് അക്കൗണ്ടിൽ നിന്നാണ് ഇത്രയും തുക ഇയാൾ പിൻവലിച്ചത്. സെപ്തംബർ 23, ഡിസംബർ 15 തീയതികളിലാണ് പണം കത്തിച്ചതെന്ന് ഒട്ടാവ സിറ്റിസൺ റിപ്പോർട്ട് ചെയ്യുന്നു.

പണം പിൻവലിച്ചതിന്റെ രസീതുകൾ തെളിവായിട്ടുണ്ടെന്നും പണം കത്തിക്കുന്നത് ആരും കണ്ടിട്ടില്ലെന്നും മക്കോൺവില്ലേ പറഞ്ഞു. ഇയാളുടെ പ്രവർത്തി ധാർമ്മികമായി അപലപനീയമാണെന്ന് ജഡ്ജിയും പറഞ്ഞു. ജയിൽ ശിക്ഷയ്ക്ക് പുറമെ സമ്പത്തിന്റെ കണക്ക് കോടതിയിൽ അറിയിക്കുന്നത് വരെ ഇയാൾ 2000 ഡോളർ( ഏതാണ്ട് ഒരു ലക്ഷത്തി നാൽപ്പത്തി രണ്ടായിരത്തി എണ്ണൂറ്റി എൺപത്തി ഏഴ് രൂപ) ദിവസവും ഭാര്യയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 
 

click me!