ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60000 കവിഞ്ഞു, ഇസ്രയേലിനെതിരായ യുഎൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നത് ഇന്ത്യൻ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനം: ചെന്നിത്തല

Published : Jun 18, 2025, 04:48 PM IST
Ramesh Chennithala

Synopsis

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം കൂട്ടക്കൊലയ്ക്ക് നൽകുന്ന മൗനാനുമതിയായി മാറരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിനെതിരെയുള്ള യുദ്ധപ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഇന്ത്യ വെച്ചുപുലര്‍ത്തിപോരുന്ന അടിസ്ഥാനമൂല്യങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60,000 കവിഞ്ഞിരിക്കുന്നു. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിലെ ജനതയെ വംശഹത്യ ചെയ്യുമ്പോള്‍ ലോകത്തിന് കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല. മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ വേരൂന്നി രൂപപ്പെട്ട ഇന്ത്യ അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് അക്ഷന്തവ്യമായ അപരാധമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ ഇന്ത്യ നിലപാട് എടുക്കാതിരിക്കുക എന്നു പറയുന്നത് കൂട്ടക്കൊലയ്ക്ക് നമ്മള്‍ അനുമതി കൊടുക്കും പോലെയാണ്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം കൂട്ടക്കൊലയ്ക്കു നല്‍കുന്ന മൗനാനുമതി ആയി മാറാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇറാനു നേരെ ഇസ്രായേല്‍ ഏകപക്ഷീയമായി ആരംഭിച്ച യുദ്ധവും അംഗീകരിക്കാവുന്നതല്ല. അയല്‍രാജ്യം തങ്ങളെ ആക്രമിച്ചേക്കും എന്ന ഭീതി ഒരു യുദ്ധം തുടങ്ങുന്നതിനു ന്യായീകരണമല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി മധ്യപൂര്‍വേഷ്യാ മേഖലയെ ആകെ യുദ്ധത്തിലേക്കു തള്ളിവിട്ടിരിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

ഇസ്രായേലിന്റെ യുദ്ധഭീകരതയ്‌ക്കെതിരെ വരുന്ന എല്ലാ പ്രമേയങ്ങളും ഇന്ത്യ അനുകൂലിക്കേണ്ടതുണ്ട്. ഇറാനുമായും ഇസ്രായേലുമായും ബന്ധം പുലര്‍ത്തുന്ന രാഷ്്ട്രമെന്ന നിലയില്‍ ഈ വിഷയത്തില്‍ ഒരു പ്രശ്‌നപരിഹാരത്തിനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. അല്ലാതെ ഇസ്രായേലിന്റെ യുദ്ധക്കൊതിയെ അനുകൂലിക്കുകയോ ജനലക്ഷങ്ങളുടെ കൂട്ടക്കുരുതിയെ കണ്ണടച്ച് അംഗീകരിക്കുകയോ അല്ല ചെയ്യേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

നേരത്തെ ഇറാനെതിരെയുള്ള യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്രമോത്സുകമായ പ്രസ്താവനകളെ ശക്തമായി അപലപിച്ച് സി പി എം രംഗത്തെത്തിയിരുന്നു. ഇത്തരം വാചാടോപങ്ങൾ സംഘർഷങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുകയും പശ്ചിമേഷ്യൻ മേഖലയെ മുഴുവൻ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുകയും ചെയ്യുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയിലൂടെ പറഞ്ഞു. പ്രസിഡന്റ് ട്രംപ് ഇപ്പോൾ ഇറാനിയൻ നേതാക്കളെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ഇറാന്റെ നിരുപാധികമായ കീഴടങ്ങൽ ആവശ്യപ്പെടുകയും ചെയ്യുന്നത് വളരെ നിന്ദ്യമാണ്. പശ്ചിമേഷ്യയിൽ യു എസ് സൈനിക കപ്പലുകളുടെ വലിയ തോതിലുള്ള സമാഹരണം ഇറാനെതിരെ ആക്രമണം നടത്താൻ ഇസ്രായേലിനൊപ്പം ചേരാനുള്ള അമേരിക്കയുടെ സന്നദ്ധതയെ കൂടുതൽ വ്യക്തമാക്കുന്നു. ഈ സംഭവവികാസങ്ങൾ അപകടകരമാണ്, മേഖലയെയും ലോകത്തെയാകെയും വിനാശകരമായ ഒരു യുദ്ധത്തിന്റെ വക്കിലേക്ക് ഇത് തള്ളിവിടാമെന്നും സി പി എം ചൂണ്ടികാട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും നഗ്നമായ ലംഘനത്തിലൂടെ, പശ്ചിമേഷ്യയിലും അതിനപ്പുറത്തും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ യു എസും പാശ്ചാത്യ സാമ്രാജ്യത്വവും ഒരു തെമ്മാടി രാഷ്ട്രമായ ഇസ്രായേലിനെ ഉപയോഗിക്കുന്നു. അമേരിക്കയും ഇസ്രായേലും അവരുടെ ആക്രമണാത്മക പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് നയതന്ത്രത്തിലേക്ക് മടങ്ങാൻ സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി പ്രവർത്തിക്കണമെന്നും സി പി എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം