
തകര്‍ന്ന കപ്പലിനുള്ളില്‍ (Historic Shipwreck) നിന്ന് കണ്ടെത്തിയ 500 സ്വര്‍ണനാണയങ്ങളുടെ സ്ഥാനം വ്യക്തമാക്കാത്തതിനേ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ച് മുങ്ങല്‍ വിദഗ്ധന്‍ (Deep Sea Treasure Hunter). ആഴക്കലടലില്‍ മുങ്ങിപ്പോയ വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധനായ ടോമി തോംപ്സണാണ് (Tommy Thompson) ആറുവര്‍ഷമായി ശിക്ഷ അനുഭവിക്കുന്നത്. കോടതി അലക്ഷ്യത്തിന് 2015 ഡിസംബറിലാണ് ടോമി തടവിലാവുന്നത്. ജയില്‍ ശിക്ഷയ്ക്ക് പുറമേ ദിവസം തോറും ആയിരം ഡോളര്‍ ഫൈനുമടച്ചാണ് ടോമി ജയിലില്‍ കഴിയുന്നത്.
സ്വര്‍ണത്തിന്‍റെ കപ്പല്‍ എന്ന വിളിപ്പേരില്‍ പ്രസിദ്ധമായ എസ് എസ് സെന്‍ട്രല്‍ അമേരിക്ക (S S Central America) എന്ന കപ്പലിനേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതാണ് ടോമിയുടെ ജയില്‍ ശിക്ഷയുടെ കാരണം. സൌത്ത് കരോളിനയില്‍ ആയിരക്കണക്കിന് പൌണ്ട് സ്വര്‍ണവുമായി എത്തിയ ഈ കപ്പല്‍ ഒരു ചുഴലിക്കാറ്റില്‍ 1857ലാണ് തകര്‍ന്നത്. 578 യാത്രക്കാര്‍ കപ്പലിലുണ്ടായിരുന്നപ്പോഴാണ് ചുഴലിക്കാറ്റില്‍ കപ്പല്‍ തകര്‍ന്നത്. ഇതില്‍ 425 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 13600 കിലോ സ്വര്‍ണമാണ് മുങ്ങിപ്പോവുന്ന സമയത്ത് ഈ കപ്പലില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നത്.
1988ലാണ് റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിളിന്‍റെ സഹായത്തോടെ ഈ കപ്പല്‍ ടോമി തോംപ്സണ്‍ കണ്ടെത്തിയത്. ഈ കപ്പലിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് ടോമി സ്വര്‍ണം കരയിലേക്കെത്തിച്ചുവെന്നാണ് വിലയിരുത്തല്‍. 150 മില്യണ്‍ വരെ വിലമതിക്കുന്ന സ്വര്‍ണമാണ് ഇത്തരത്തില്‍ കപ്പലില്‍ നിന്ന് വീണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിക്ഷേപകരോട് സ്വര്‍ണം ഇരിക്കുന്ന സ്ഥാനം വിശദമാക്കാന്‍ വിസമ്മതിച്ചതിനേത്തുടര്‍ന്നാണ് ടോമി തോംപ്സണെതിരെ കേസ് ഫയല്‍ ചെയ്യപ്പെടുന്നത്. നിരവധി തവണ തുടര്‍ച്ചയായി കോടതി ആവശ്യപ്പെട്ട ശേഷവും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ടോമി തോംപ്സണ്‍ തയ്യാറാവാതിരുന്നതോടെ കോടതി ഇയാള്‍ക്ക് ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
പര്യവേഷണത്തിന് ഉപയോഗിച്ച അന്തര്‍വാഹിനിയ്ക്ക് പേറ്റന്‍റ് നേടിയ വ്യക്തി മോഷണ വസ്തു എവിടെ സൂക്ഷിച്ചുവെന്നത് ഓര്‍മ്മിക്കുന്നില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു ടോമി തോംപ്സണ്‍ ശിക്ഷ വിധിച്ചത്. എന്നാല്‍ തനിക്കറിയാവുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയതായും കാണാതായ സ്വര്‍ണ നാണയങ്ങളേക്കുറിച്ച് അറിയില്ലെന്നുമാണ് ഇന്നും ടോമി ആവര്‍ത്തിക്കുന്നത്. 2020 ഒക്ടോബറില്‍ നടത്തിയ വിചാരണയിലും ഇതുതന്നെയാണ് ടോമി പ്രതികരിച്ചത്. എന്‍റെ സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ എന്‍റെ പക്കലില്ലെന്നാണ് ടോമി പറഞ്ഞത്. സാധാരണ നിലയില്‍ കോടതി അലക്ഷ്യത്തിന് 18 മാസം വരെയാണ് തടവ് നല്‍കാറ്. എന്നാല്‍ ടോമി തോംപ്സണ്‍റെ വിടുതല്‍ അപേക്ഷകള്‍ ഫെഡറല്‍ കോടതി തള്ളുകയായിരുന്നു.