
ഷാങ്ഹായ്: കൊവിഡിനെതിരെ വാക്സിൻ വികസിപ്പിച്ചതിൽ റഷ്യയെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ ഫലപ്രദമായി സാധിച്ചുവെന്നും മാരക രോഗത്തിനെതിരെ വാക്സിൻ വികസിപ്പിച്ചതിൽ ശാസ്ത്രജ്ഞർ പ്രശംസ അർഹിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കൊവിഡിനെതിരെയുള്ള ആദ്യത്തെ വാക്സിൻ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാദിമിർ പുചിൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. തന്റെ മകളിലാണ് ആദ്യമായി വാക്സിൻ കുത്തിവച്ചതെന്നും വളരെ ഫലപ്രദമാണെന്നും രോഗപ്രതിരോധശേഷി നിലനിർത്തുന്നതായി തെളിഞ്ഞതായും പുചിൻ അവകാശവാദം ഉന്നയിച്ചിരുന്നു.
'കൊവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്തതിൽ റഷ്യൻ ഭരണസംവിധാനത്തെയും ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. കൊവിഡിനെതിരെയുള്ള വാക്സിൻ വികസിപ്പിച്ചതിൽ ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും പ്രശംസയർഹിക്കുന്നു.' ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ പങ്കെടുത്തു കൊണ്ട് രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം റഷ്യയുടെ കൊവിഡ് വാക്സിനെതിരെ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ഒരു മില്യണിലധികം ജനങ്ങളാണ് റഷ്യയിൽ കൊവിഡ് ബാധിതരായിട്ടുള്ളതെന്ന് ഹോപ്കിൻസ് സർവ്വകലാശാല റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam