‘ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും നൽകുന്ന ഏക വിതരണക്കാർ റഷ്യയല്ല’, റഷ്യൻ എണ്ണ വാങ്ങുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്നും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ സ്ഥിരത നിലനിർത്താൻ സഹായിക്കുമെന്നും ദിമിത്രി പെഷ്കോവ്.

മോസ്കോ: ഇന്ത്യയ്ക്ക് എണ്ണ നൽകുന്നത് തുടരുമെന്നും ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്കു സ്വാതന്ത്ര്യമുണ്ടെന്നും റഷ്യ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. എണ്ണ വാങ്ങുന്നത് നിർത്തുന്നതായി ഇന്ത്യയിൽ നിന്ന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ് പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി പകരം യുഎസിൽ നിന്ന് വാങ്ങാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ക്രെംലിൻ വക്താവിന്റെ പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

'ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും നൽകുന്ന ഏക വിതരണക്കാർ റഷ്യയല്ല, അക്കാര്യം ഞങ്ങൾക്കു നന്നായി അറിയാം. ഇന്ത്യ എല്ലാക്കാലത്തും ഈ ഉൽപ്പന്നങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്നും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഇതിൽ പുതുമയൊന്നും ഞങ്ങൾ കാണുന്നില്ല. എന്നാൽ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്നും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ സ്ഥിരത നിലനിർത്താൻ സഹായിക്കുമെന്നും ദിമിത്രി പെഷ്കോവ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നുവെന്നും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം തുടർന്നും വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ്, ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെളിപ്പെടുത്തിയത്. ഇന്ത്യയ്ക്കു ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ചെന്നും ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ഇന്ത്യ-അമേരിക്ക കരാറിന്റെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. അയൽരാജ്യങ്ങൾക്കോ ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങൾക്കോ ലഭിച്ചതിനേക്കാൾ മികച്ച ആനുകൂല്യങ്ങളാണ് ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിക്കുകയെന്ന് പീയുഷ് ഗോയൽ പറഞ്ഞു. അതേസമയം കരാറിനെതിരെ ഇന്ന് പഞ്ചാബിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടിനുമുന്നിൽ കർഷകർ പ്രതിഷേധം സംഘടിപ്പിക്കും.