
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു കെമിക്കൽ ഫാക്ടറിയിലും ടെക്സ്റ്റൈൽ ഫാക്ടറിയിലും തീപിടിച്ച് വൻ ദുരന്തം. തീപിടുത്തത്തിൽ 16 പേർ കൊല്ലപ്പെട്ടു. കെമിക്കൽ ഫാക്‌ടറിയുടെ ഗോഡൗണിൽ നിന്നുയർന്ന തീ ടെക്സ്റ്റൈൽ ഫാക്ടറിയിലേക്ക് വ്യാപിച്ചതാണ് ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടിയത്. ടെക്സ്റ്റൈൽ ഫാക്ടറിയിൽ ഉണ്ടായിരുന്നവരാണ് തീപിടിത്തത്തിൽ മരിച്ചതെന്ന് ധാക്ക ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ താജുൽ ഇസ്ലാം ചൗധരി പറഞ്ഞു.
കാണാതായ പ്രിയപ്പെട്ടവരെ തേടി ബന്ധുക്കൾ ദുരന്തമുഖത്ത് കാത്തിരിക്കുകയാണ്. കെമിക്കൽ ഫാക്ടറിയിലും ജീവനക്കാർ മരിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അഗ്നിരക്ഷാസേനാംഗങ്ങൾക്ക് ഇതുവരെ ഇവിടേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. തിപിടിക്കുന്നതിന് തൊട്ടുമുൻപ് ഇവിടെ വലിയ സ്ഫോടനം കേട്ടെന്നും വിവരമുണ്ട്.
അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾക്ക് പുല്ലുവില കൽപ്പിക്കപ്പെടുന്ന ബംഗ്ലാദേശിൽ ഇത്തരം അപകടങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം മാത്രം 26,500-ലധികം തീപിടുത്തങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021-ൽ ഒരു ഭക്ഷ്യ സംസ്കരണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 52 പേർ കൊല്ലപ്പെട്ടിരുന്നു. 2012 ൽ ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള വസ്ത്ര ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ 111 പേരാണ് കൊല്ലപ്പെട്ടത്. അന്ന് 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു ബംഗ്ലാദേശ് കണ്ട ഏറ്റവും വലിയ തീപിടുത്ത ദുരന്തം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam