ബ്രിട്ടീഷ് രാജ്ഞിയോട് ട്രംപിന്‍റെ 'പ്രോട്ടോകോള്‍ ലംഘനം'; വിവാദം പുകയുന്നു

By Web TeamFirst Published Jun 4, 2019, 5:45 PM IST
Highlights

എന്നാല്‍ ഇതുവരെ ഒരു രാഷ്ട്രതലവനും ഈ ഉപചാരം തെറ്റിച്ചിട്ടില്ല. രാജ്ഞിയെ ഔദ്യോഗിക ചടങ്ങുകളില്‍ രാജകുടുംബത്തിന് പുറത്തുള്ളയാള്‍ കൈ കൊടുക്കാനല്ലാതെ സ്പര്‍ശിക്കാറില്ലെന്നാണ് പതിവ്. 

ലണ്ടന്‍: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ബ്രിട്ടനില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാല്‍ഡ് ട്രംപ് രാജകീയ പ്രോട്ടോക്കോള്‍ ലംഘിച്ചു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക വിരുന്നിനിടെയാണ് സംഭവം. ചടങ്ങില്‍ ട്രംപ് സംസാരിച്ച ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിച്ച എലിസബത്ത് രാജ്ഞിയുടെ ചുമലില്‍ പിന്‍ഭാഗത്ത് ട്രംപ് തട്ടിയതാണ് പ്രോട്ടോക്കോള്‍ ലംഘനമായത്.രാജ്ഞിയെ ആരും സ്പര്‍ശിക്കാന്‍ പാടില്ല എന്നത് ബ്രിട്ടീഷ് രാജവാഴ്ചയിലെ അലിഖിത നിയമം. എന്നാല്‍ ഇത് ഒരു അചാരം പോലെയാണെന്നും ലിഖിതമായ നിയമം അല്ലെന്നാണ് യുഎസ് മാധ്യമങ്ങളിലെ വാര്‍ത്ത പറയുന്നത്.

എന്നാല്‍ ഇതുവരെ ഒരു രാഷ്ട്രതലവനും ഈ ഉപചാരം തെറ്റിച്ചിട്ടില്ല. രാജ്ഞിയെ ഔദ്യോഗിക ചടങ്ങുകളില്‍ രാജകുടുംബത്തിന് പുറത്തുള്ളയാള്‍ കൈ കൊടുക്കാനല്ലാതെ സ്പര്‍ശിക്കാറില്ലെന്നാണ് പതിവ്. രാജകുടുംബത്തോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നതുസംബന്ധിച്ച് അലിഖിത നിയമം തന്നെ ബ്രിട്ടണിലുണ്ട്. എന്നാല്‍ ഇത്തരം ആചാരങ്ങളൊന്നും നിലവിലില്ലെന്നാണ് രാജകുടുംബത്തിന്‍റെ വെബ്‌സൈറ്റില്‍ പറയുന്നത്. 

രാജ്ഞിയുമായോ രാജകുടുംബാംഗങ്ങളുമായോ കൂടിക്കാഴ്ച നടത്തുമ്പോള്‍ എങ്ങനെ പെരുമാറണമെന്ന് കര്‍ക്കശമായ ഒരു നിയമവുമില്ല. എന്നാല്‍ മിക്കവരും പരമ്പരാഗത രീതികള്‍ പാലിക്കുകയാണ് പതിവ്. പരമ്പരാഗത രീതിയില്‍ ഉപചാരം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍, പുരുഷന്മാരാണെങ്കില്‍ തലകുമ്പിടുകയും സ്ത്രീകളാണെങ്കില്‍ മുട്ടുമടക്കി പ്രണമിക്കുകയുമാണ്. എന്തായാലും ട്രംപിന്‍റെ പെരുമാറ്റം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

click me!