
ന്യൂയോർക്ക്: ഭർത്താവിന്റെ ആദ്യ ഭാര്യയിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയ്ക്ക് യുഎസിൽ 22 വർഷം തടവ്. ന്യൂയോര്‍ക്ക് ക്വീന്‍സിലെ ഷാംദെയ് അര്‍ജുന്‍ (55) എന്ന സ്ത്രീയെയാണ് കോടതി ശിക്ഷയ്ക്ക് വിധിച്ചത്. ഒമ്പത് വയസ്സായ പെൺകുട്ടിയെയാണ് ഷാംദെയ് ദാരുണമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് ഷാംദെയ് അര്‍ജുനനെ കോടതി ശിക്ഷയ്ക്ക് വിധിച്ചത്. രണ്ടാനമ്മയുടെ നടപടി 'ചിന്തിക്കാന്‍പോലും കഴിയാത്തതാണെന്നായിരുന്നു' കോടതിയുടെ പ്രതികരണം. ഷാംദെയ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ജീവൻ പോകുന്നത് വരെ ഞെക്കിപ്പിടിച്ചുവെന്ന് ക്വീന്‍സ് ജില്ലാ ആക്ടിംഗ് അറ്റോര്‍ണി ജോണ്‍ റയാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നീചരായ അമ്മമാരുടെ ഗണത്തിലാണെന്ന് പ്രതി എന്ന് പറഞ്ഞ ജോണ്‍ ഒരിക്കലും പുറംലോകം കാണാനാവാത്ത വിധത്തിലുള്ള ശിക്ഷ അവർക്ക് നൽകണമെന്ന് കോടതിയോട് പറഞ്ഞു. ഈ സംഭവത്തിൽ നീതിപൂര്‍വ്വമായ ശിക്ഷ നടപ്പാക്കണമെന്നും അറ്റോര്‍ണി ആവശ്യപ്പെട്ടു.
2016 ഓഗസ്റ്റ് 19നാണ് ദാരുണമായ സംഭവം നടന്നത്. ഷാംദെയ് തന്റെ മുൻ ഭർത്താവിനും രണ്ട് കൊച്ചുമക്കള്‍ക്കുമൊപ്പം പുറത്തുപോകവേ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന്, അയല്‍വാസി പ്രതിയോട് വിവരം അന്വേഷിച്ചു. മകള്‍ പിതാവിനൊപ്പം പുറത്തുപോകാന്‍ ഒരുങ്ങുകയാണെന്നായിരുന്നു അവരുടെ മറുപടി.
എന്നാൽ മണിക്കൂറുകളോളം ശുചിമുറിയില്‍ ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസി വിവരം പെണ്‍കുട്ടിയുടെ പിതാവ് സുഖ്ജിന്ദര്‍ സിംഗിനെ അറിയിച്ചു. സുഖ്ജിന്ദര്‍ പൂട്ടിക്കിടന്ന ശുചിമുറിയുടെ വാതില്‍ പൊളിച്ചുനോക്കിയപ്പോൾ പെണ്‍കുട്ടിയുടെ മൃതദേഹം നഗ്നമായ നിലയില്‍ ബാത്ത്ടബ്ബില്‍ കണ്ടെത്തുകയായിരുന്നു.
കഴുത്തുഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതി മുന്‍മ്പ് പല തവണ കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam