
തെഹ്‌റാൻ: ഇറാനിലെ സൈനിക ലക്ഷ്യങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ എന്ന് അവകാശപ്പെട്ട് ഇസ്രായേൽ പ്രതിരോധ സേന (IDF) പുറത്തുവിട്ട വീഡിയോയിൽ ഹെലികോപ്റ്റർ തകർക്കുന്ന ദൃശ്യം വ്യാജമെന്ന് ആരോപണം. ഇറാന്റെ Mi 17 ഹെലികോപ്റ്റർ തകർത്തു എന്നായിരുന്നു മാർച്ച് 4-ന് പുറത്തുവിട്ട വീഡിയോയിലെ അവകാശവാദം. എന്നാൽ ഇൻഫ്രാറെഡ് ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അതൊരു യഥാർത്ഥ ഹെലികോപ്റ്ററല്ലെന്നും തറയിൽ വരച്ചുചേർത്ത ചിത്രമാണെന്നുമാണ് സൈനിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
സ്ഫോടനത്തിന് ശേഷവും ഹെലികോപ്റ്ററിന്റെ ചിറകുകൾ ഒരേ രൂപത്തിൽ നിലനിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യഥാർത്ഥ വിമാനമാണെങ്കിൽ സ്ഫോടനത്തിൽ അവ ചിന്നിച്ചിതറേണ്ടതായിരുന്നു. ഒരു ഇസ്രായേലി മിസൈലിന് ഏകദേശം 30 ലക്ഷം ഡോളർ ഏകദേശം 25 കോടി രൂപ വിലവരും. എന്നാൽ ഏതാനും ഡോളറുകൾ മാത്രം ചെലവഴിച്ച് തറയിൽ വരച്ചുചേർത്ത ചിത്രത്തിന് നേരെയാണ് ഈ മിസൈൽ പ്രയോഗിച്ചതെങ്കിൽ അത് ഇസ്രായേലിന് വലിയ സാമ്പത്തിക നഷ്ടവും നാണക്കേടുമാണ്.
ശത്രുസൈന്യത്തിന്റെ ഡ്രോണുകളെയും മിസൈലുകളെയും വഴിതെറ്റിക്കാൻ ഇറാൻ ഇത്തരം വ്യാജ നിർമ്മിതികൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എങ്കിലും, വീഡിയോയിലെ ഹീറ്റ് സിഗ്നേച്ചറുകൾ ശ്രദ്ധിച്ചാൽ അത് പെയിന്റിംഗ് ആകാൻ സാധ്യതയില്ലെന്നും യഥാർത്ഥ വസ്തു തന്നെയാണെന്നും ഐഡിഎഫ് അനുകൂലികൾ വാദിക്കുന്നു. ഹെലികോപ്റ്ററിന്റെ നിഴലും മറ്റും ചിത്രങ്ങളിൽ കൃത്രിമമായി നിർമ്മിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ പക്ഷം. ഐഡിഎഫ് ഇതുവരെ ഈ വിവാദത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam