
ന്യൂയോർക്ക്: ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിൽ ഇസ്രായേൽ പ്രതിനിധിയും യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയും തമ്മിൽ വാക്കേറ്റം. സംഘർഷ സാഹചര്യങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടന്ന പൊതുയോഗത്തിലാണ് രൂക്ഷമായ വാക്കേറ്റം അരങ്ങേറിയത്. ലൈംഗിക അതിക്രമങ്ങളുടെ പേരിൽ ഇസ്രായേലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ റിപ്പോർട്ട് തയ്യാറാക്കിയ യുഎൻ പ്രത്യേക പ്രതിനിധി പ്രമിള പാറ്റൻ രാജിവെക്കണമെന്ന് ഇസ്രായേലിന്റെ യുഎൻ സ്ഥാനപതി ഡാനി ഡാനൻ ആവശ്യപ്പെട്ടതിനിടെ ആണ് ഡാനി ഡാനനും യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായ വനേസ ഫ്രേസിയറും തമ്മിൽ കൊമ്പുകോർത്തത്.
ലൈംഗിക അതിക്രമങ്ങളുടെ പേരിൽ ആദ്യമായി ഇസ്രായേലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ റിപ്പോർട്ട് തയ്യാറാക്കിയ പ്രമിള പാറ്റൻ രാജിവെക്കണമെന്നായിരുന്നു ഡാനൻ ആവശ്യപ്പെട്ടത്. റിപ്പോർട്ട് പക്ഷപാതപരമാണെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രായേലിനെ ലക്ഷ്യമിടാനുള്ള സെക്രട്ടറി ജനറലിന്റെ അമിത താൽപര്യത്തിന് പ്രമിള പാറ്റൻ വഴങ്ങിക്കൊടുത്തു എന്നായിരുന്നു ഇസ്രായേൽ പ്രതിനിധിയുടെ വിമർശനം.
ഇതിനിടെ, ഇടപെട്ട വനേസ ഫ്രേസിയർ, ഡാനോൻ വ്യക്തിപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിന് പിന്നിൽ തെളിവുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതോടെ ഇരുവരും തമ്മിലുള്ള വാഗ്വാദം കടുത്തു.
"നിങ്ങൾ ആ സമ്മർദത്തിന് വഴങ്ങി, സെക്രട്ടറി ജനറലിന് ഇസ്രായേലിനെ ലക്ഷ്യമിടാനുള്ള ആവേശത്തിന് നിങ്ങൾ കൂട്ടുനിന്നു"- ഡാനൻ പറഞ്ഞു. ഫ്രേസിയർ തടയാൻ ശ്രമിച്ചതിനിടെ, “ഇല്ല, നിങ്ങൾ മിണ്ടാതിരിക്കണം, കാരണം ഇപ്പോൾ ഞാൻ സംസാരിക്കുകയാണ്. നിങ്ങൾ സംസാരിച്ചു, ഇനി ഞാൻ സംസാരിക്കും. നിങ്ങൾ സംസാരിച്ചു, ഇനി ഞാൻ സംസാരിക്കും. കഷ്ടം തന്നെ. ഇസ്രായേലിനെതിരെയുള്ള ഈ ഭീഷണിപ്പെടുത്തലിൽ നിങ്ങളും പങ്കാളിയാണ്. കഷ്ടം തന്നെ. നിങ്ങൾക്ക് വേണമെങ്കിൽ പുറത്തേക്ക് പോകാം.”- ഡാനൻ തുടർന്നു.
“ഞങ്ങൾ ഒരു അംഗരാജ്യമാണ്. നിങ്ങൾ യുഎന്നിന് വേണ്ടി ജോലി ചെയ്യുന്നതാണ്. അതിനാൽ ഇപ്പോൾ മിണ്ടാതിരിക്കണം. നിങ്ങളുടെ ലജ്ജാകരമായ റിപ്പോർട്ടിനൊപ്പം മിണ്ടാതിരിക്കണം”- ഡാനി ഡാനൻ പറഞ്ഞു.
Watch @dannydanon rightly put Vanessa Frazier (UN Rep for Children & Armed Conflict) in her place as he tried to respond to the asinine and lie-based decision to blacklist Israel for committing sexual violence in conflict zones.
The UN Israel-obsession is truly beyond control. pic.twitter.com/AWp7x9BrrC— Shawn Eni (@ShawnEni) June 19, 2026
മാൾട്ടയുടെ മുൻ യുഎൻ സ്ഥാനപതി കൂടിയായ വാനെസ ഫ്രേസർ ഈ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ, പലസ്തീൻ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വൻതോതിൽ വർധിച്ചുവെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. കുട്ടികൾക്കെതിരായ അവകാശ ലംഘനങ്ങളുടെ പേരിൽ യുഎന്നിന്റെ 'ലിസ്റ്റ് ഓഫ് ഷേം' കരിമ്പട്ടികയിലാണ് ഇസ്രായേലിനെ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം പുറത്തുവന്ന പ്രമിള പാറ്റന്റെ റിപ്പോർട്ടിനെ 'പുതിയ അധപതനം' എന്ന് ഡാനി ഡാനൻ വിശേഷിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam