
കൊവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മനുഷ്യത്വത്തിന്റെ പ്രതീകമായ നിരവധി ആളുകൾ വാർത്തകളിൽ ഇടം നേടുകയാണ്. ഭക്ഷണ സാധനങ്ങൾ എത്തിക്കുക, മരുന്ന് വാങ്ങി നൽകുക, തെരുവോരത്തെ നായ്ക്കൾക്ക് ഭക്ഷണം നൽകുക തുടങ്ങി നിരവധി പ്രവൃത്തികളിലൂടെ അവർ സമൂഹമാധ്യമങ്ങളിൽ ഹീറോകളായി മാറി. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ രോഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കുന്ന ഒരു സ്പാനിഷ് ടാക്സി ഡ്രൈവറാണ് വീഡിയോയിലെ താരം. ആശുപത്രിക്കുള്ളിലേക്ക് കടന്നുവരുന്ന ഡ്രൈവറെ ഡോക്ടർമാരും നഴ്സുമാരും ചേർന്ന് കരഘോഷത്തോടെ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഒരു നിമിഷം അദ്ദേഹം നിൽക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ പണം അടങ്ങിയ ഒരു കവർ ജീവനക്കാരിൽ ഒരാൾ നൽകുമ്പോൾ കണ്ണുകൾ നിറയുന്ന ഡ്രൈവറെയും വീഡിയോയിൽ കാണാം.
വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ പത്ത് മില്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ടാക്സി ഡ്രൈവറെയും അദ്ദേഹത്തിന്റെ ദയാപ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam