ട്രംപിന് ഇന്ന് 74-ാം പിറന്നാൾ; പോരാട്ടജ്വാലയില്‍ അമേരിക്ക; പ്രതിഷേധം കടുക്കുന്നു

By Web TeamFirst Published Jun 15, 2020, 6:49 AM IST
Highlights

അമേരിക്ക കത്തുമ്പോള്‍ ട്രംപിന് 74-ാം പിറന്നാള്‍. ജോർജ് ഫ്ലോയിഡിന് പിന്നാലെ അറ്റ്‌ലാന്‍റയിലും കറുത്ത വർഗക്കാരനെ പൊലീസ് കൊന്നതിലാണ് ഇപ്പോൾ പ്രതിഷേധം കടുക്കുന്നത്. 

വാഷിംഗ്‌ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഇന്ന് 74-ാം പിറന്നാൾ. അമേരിക്കയിൽ വ‌ർണവെറിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി. ജോർജ് ഫ്ലോയിഡിന് പിന്നാലെ അറ്റ്‌ലാന്‍റയിലും കറുത്ത വർഗക്കാരനെ പൊലീസ് കൊന്നതിലാണ് ഇപ്പോൾ പ്രതിഷേധം കടുക്കുന്നത്. അറ്റ്‌ലാന്‍റയിലേക്കുള്ള പ്രധാന ഹൈവേ പ്രതിഷേധക്കാർ തടഞ്ഞിട്ടു. 

ഈ ആഴ്ച ട്രംപിന്‍റെ തെരഞ്ഞെടുപ്പ് റാലിക്കും ഓക്‌‍ലഹോമയിൽ തുടക്കമാകും. റാലിയിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കണമെന്നാണ് വൈറ്റ്ഹൗസ് നിർദേശം. എന്നാൽ കൊവിഡ് പടരുന്നതിനിടെ റാലി നടത്താനുള്ള തീരുമാനത്തിനെതിരെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

അറ്റ്‌ലാന്‍റയില്‍ 27കാരനായ റെയ്ഷാര്‍ഡ് ബ്രൂക്‌സ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അറ്റ്‌ലാന്റ പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്‌സ് രാജിവെച്ചു. ജോര്‍ജ് ഫ്ലേയിഡിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം യുഎസില്‍ അലയടിക്കുമ്പോഴാണ് അറ്റ്‌ലാന്റ പൊലീസ് മറ്റൊരു കറുത്തവര്‍ഗക്കാരനെ കൂടി വെടിവെച്ച് കൊലപ്പെടുത്തിയത്. 

ബ്രൂക്‌സ് കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയത് വെന്‍ഡീസ് റസ്റ്റാറന്റിന് മുന്നിലെ റോഡില്‍ ഗതാഗതകുരുക്കുണ്ടാക്കി. ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ബ്രൂക്‌സ് തടയുകയും ബ്രീത് അനലൈസര്‍ പരിശോധനക്ക് വിസ്സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസുമായി കൈയാങ്കളിയുണ്ടാകുകയും പൊലീസിന്റെ ടേസര്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത ബ്രൂക്‌സിനെ പൊലീസ് വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

click me!