
വാഷിംഗ്ടൺ: ആഗോള സാമ്പത്തിക മാന്ദ്യം തടയുന്നതിനാണ് താൻ ഈ കരാറിലൂടെ ശ്രമിച്ചതെന്ന് വ്യാഴാഴ്ച വൈകുന്നേരം നൽകിയ അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. തന്റെ അധികാരത്തിന്റെ പരിധികളെക്കുറിച്ച്, യുദ്ധത്തിൽ നിന്ന് എന്താണ് പഠിച്ചതെന്ന ചോദ്യത്തിന്, ഞാൻ ആ പാഠം ഇതുവരെ പഠിച്ചിട്ടില്ല, പരിധികൾ ഉണ്ടെന്ന് അറിയാം, പക്ഷേ എനിക്ക് പരിധികളില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. അന്തിമ കരാറിലെത്തുന്നതിനായി 60 ദിവസത്തെ ചർച്ചാ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. കരാര്‍ ഇറാന്റെ നിരുപാധിക കീഴടങ്ങലാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ തന്ത്രപ്രധാനമായ ഹൊർമൂസ് കടലിടുക്ക് വീണ്ടും തുറന്നു. ഇതോടെ ചരക്കുകപ്പലുകളുടെയും ഓയിൽ ടാങ്കറുകളുടെയും ഗതാഗതം പുനരാരംഭിച്ചു. ജൂൺ 17-18 കാലയളവിൽ 18 കപ്പലുകൾ ഇതുവഴി കടന്നുപോയതായി മാരിടൈം ഇന്റലിജൻസ് സ്ഥാപനമായ വിൻഡ്‌വാർഡ് വ്യക്തമാക്കി. ഇറാന്റെ തീരദേശ മേഖലകളിലേക്കുള്ള കപ്പൽ ഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന എല്ലാ സൈനിക ഉപരോധങ്ങളും അമേരിക്കൻ സൈന്യം പിൻവലിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാൻ പ്രതിനിധികളുമായി 60 ദിവസത്തെ ചർച്ചകൾ ആരംഭിക്കുന്നതിനായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിലേക്ക് നടത്താനിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ചർച്ചകൾക്കായുള്ള പ്രതിനിധി സംഘം സജ്ജമാണെങ്കിലും ഇതിന്റെ സാങ്കേതിക ക്രമീകരണങ്ങൾ ലളിതമല്ലെന്നും വക്താവ് വ്യക്തമാക്കി.
ഇറാനോട് ട്രംപ് മൃദുസമീപനം സ്വീകരിച്ചു എന്നാരോപിച്ച് നിരവധി ജനപ്രതിനിധികൾ രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് വളരെ മോശം രീതിയിലാണ് ചർച്ചകൾ നടത്തിയതെന്നും യുദ്ധം തുടങ്ങിയത് ട്രംപ് ആയതിനാൽ ഇതൊരു അമേരിക്കൻ ദുരന്തമായി മാറുമെന്നും സെനറ്റ് മൈനോറിറ്റി ലീഡര്‍ ചക് ഷൂമര്‍ കുറ്റപ്പെടുത്തി. ഹൊർമൂസ് കടലിടുക്കിന്റെ നിയന്ത്രണത്തിലൂടെ ഇറാന് ഇപ്പോഴും മേൽക്കൈ ഉണ്ടെന്നും ഭരണമാറ്റം, ഇറാന്റെ മിസൈൽ-ന്യൂക്ലിയർ പദ്ധതികൾ അവസാനിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ നേടുന്നതിൽ യുദ്ധം പരാജയപ്പെട്ടുവെന്നുമാണ് സെനറ്റര്‍ പീറ്റര്‍ വെൽഷിന്റെ വിമര്‍ശനം.
ഏകദേശം 100 ബില്യൺ ഡോളർ ചെലവ് വന്ന യുദ്ധം പരാജയമാണെന്നും വിലയിരുത്തി. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ ട്രംപ്, താൻ ഇറാനോട് മൃദുസമീപനം കാണിച്ചുവെന്ന് കരുതുന്നവർ ഒന്നുകിൽ അസൂയക്കാരാണെന്നും അല്ലെങ്കിൽ വിവരമില്ലാത്തവരാണെന്നും പരിഹസിച്ചു. കൂടുതൽ ആഴ്ചകൾ ബോംബാക്രമണം തുടർന്നാൽ കടലിടുക്ക് അടഞ്ഞുകിടക്കുകയും അത് ലോകമെമ്പാടും വൻ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam