ഇന്ത്യയില്‍ ശുദ്ധ വായുവോ, ശുദ്ധജലമോ ഇല്ല-ട്രംപ്

By Web TeamFirst Published Jun 5, 2019, 8:53 PM IST
Highlights

ഇംഗ്ലണ്ടിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയെ കുറ്റപ്പെടുത്തി സംസാരിച്ചത്

ലണ്ടൻ: ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യ കാരണക്കാര്‍ ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് അമേരിക്കൻ പ്രസിഡന്റ്. അമേരിക്കയിൽ ഏറ്റവും ശുദ്ധമായ കാലാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ മൂന്ന് ദിവസത്തെ സന്ദ‍ര്‍ശനത്തിന് എത്തിയ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.

"അമേരിക്കയിലെ കാലാവസ്ഥ കൂടുതൽ കൂടുതൽ മെച്ചപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞ്. ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, ജലമോ ഇല്ല. ചില നഗരങ്ങളിൽ ചെന്നാൽ ശ്വസിക്കാൻ പോലും കഴിയില്ല. ആ വായുവാണ് മുകളിലേക്ക് പോകുന്നത്. എന്നാൽ ഇതിന്റെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇവര്‍ തയ്യാറാകുന്നുമില്ല," ട്രംപ് പറഞ്ഞു.

ആഗോള താപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുണ്ടാക്കിയ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതായുള്ള പ്രഖ്യാപനത്തിന് മുൻപും അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെയാണ് കുറ്റപ്പെടുത്തിയത്. പാരീസ് ഉടമ്പടി അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ട്രംപിന്റെ അന്നത്തെ ആരോപണം.

ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരീസ് ഉടമ്പടിയെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു. 

click me!