സാമ്പത്തിക പ്രതിസന്ധി: യുഎന്‍ സെക്രട്ടറി ജനറലിന്‍റെ ആഡംബര വസതി വില്‍ക്കുന്നു?

By Web TeamFirst Published Jun 5, 2019, 12:32 PM IST
Highlights

2007ല്‍ നാല് ദശലക്ഷം ഡോളറാണ് കെട്ടിടം പുതുക്കി പണിയാന്‍ ജനറല്‍ അസംബ്ലി അനുവദിച്ചത്. 14000 ച.മീറ്റര്‍ വിസ്തൃതിയുള്ള നാല് നിലയുള്ള വീട് 1972ല്‍ വ്യവസായി പിജെ മോര്‍ഗന്‍റെ മകള്‍ ആന്‍ മോര്‍ഗനാണ് അമേരിക്കന്‍ സര്‍ക്കാറിന് കൈമാറിയത്. 

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, ജനറല്‍ സെക്രട്ടറിയുടെ  ന്യൂയോര്‍ക്കിലെ ഔദ്യോഗിക ആഡംബര വസതി വില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി അന്‍റോണിയോ ഗുട്ടെറസ് . മാന്‍ഹാട്ടന്‍ എന്‍ക്ലേവിലാണ് യുഎന്‍ സെക്രട്ടറി ജനറലിന്‍റെ ഔദ്യോഗിക വസതി. ജനറല്‍ അസംബ്ലി ഫിഫ്ത് കമ്മിറ്റിയിലാണ് വസതി വില്‍ക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഗുട്ടെറസ് വ്യക്തമാക്കിയത്. 

യുഎന്നിന് ബാധ്യതയേക്കാള്‍ സ്വത്തുണ്ട്. എന്നാല്‍, പെട്ടെന്ന് പണമാക്കാവുന്ന സ്വത്തുകളുടെ കുറവുണ്ട്. ഔദ്യോഗിക വസതി തനിക്ക് നിയമപരമായി വില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കിലെ ഔദ്യോഗിക വസതിയില്‍ ആദ്യമായി താമസിക്കാനെത്തിയപ്പോള്‍ ഇത് വില്‍ക്കാനാകുമോ എന്ന് താന്‍ അന്വേഷിച്ചിരുന്നു. അന്വേഷണത്തില്‍ അമേരിക്കന്‍ സര്‍ക്കാറിന് മാത്രമാണ് കെട്ടിടം വില്‍ക്കാനാകുകയെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. 2007ല്‍ നാല് ദശലക്ഷം ഡോളറാണ് കെട്ടിടം പുതുക്കി പണിയാന്‍ ജനറല്‍ അസംബ്ലി അനുവദിച്ചത്. 14000 ച.അടി വിസ്തൃതിയുള്ള നാല് നിലയുള്ള വീട് 1972ല്‍ വ്യവസായി പിജെ മോര്‍ഗന്‍റെ മകള്‍ ആന്‍ മോര്‍ഗനാണ് അമേരിക്കന്‍ സര്‍ക്കാറിന് കൈമാറിയത്. 

ഐക്യരാഷ്ട്ര സഭയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന് ഗുട്ടെറസ് സമ്മതിച്ചു. 2018 അവസാനത്തില്‍ 529 ദശലക്ഷം ഡോളറായിരുന്നു കുടിശ്ശിക. ഇത് പ്രതീക്ഷിച്ചതിലും 20 ശതമാനം അധികമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അഞ്ച് മാസം പിന്നിടുമ്പോള്‍ കുടിശ്ശിക 492 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. 

click me!