
വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക ധാരണയിൽ അന്തിമ തീരുമാനമെടുക്കാൻ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നിർണായക യോഗം ഉടൻ ചേരുമെന്ന് ട്രംപ് വ്യക്തമാക്കി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ എത്രയും വേഗം തുറക്കണമെന്നും കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ പാടില്ലെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യം. കൂടാതെ ഇറാൻ യാതൊരു കാരണവശാലും ആണവായുധങ്ങൾ നിർമ്മിക്കാൻ പാടില്ലെന്ന കർശന നിർദ്ദേശവും ധാരണയിലുണ്ട്. ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവരുടെ പക്കലുള്ള യുറേനിയം ശേഖരം ഇരുരാജ്യങ്ങളും സംയുക്തമായി വീണ്ടെടുത്ത് നശിപ്പിക്കാനും പുതിയ വ്യവസ്ഥയിൽ ആലോചനയുണ്ട്. ഇതോടൊപ്പം ഇറാന് മേലുള്ള നാവിക ഉപരോധം നീക്കാൻ അമേരിക്ക തയ്യാറായേക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇറാന് സാമ്പത്തിക ഫണ്ടുകളൊന്നും കൈമാറാൻ അമേരിക്ക ഉദ്ദേശിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ വ്യക്തമാക്കുന്നത്.
നേരത്തെ ചർച്ചകളോട് പ്രതിജ്ഞാബദ്ധമാണെന്നും അയൽരാജ്യങ്ങളോട് സഹകരണമാണ് ലക്ഷ്യമെന്നും ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കിയിരുന്നു. ഇറാൻ - അമേരിക്ക ചർച്ചകളിൽ പുരോഗതി തന്നെയെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസും പറഞ്ഞിരുന്നു. ഇടയ്ക്കിടെ ഉരസലുകൾ ഉണ്ടെങ്കിലും ഇറാനും അമേരിക്കയും നീങ്ങുന്നത് കരാറിലേക്ക് തന്നെയെന്നാണ് വ്യക്താകുന്നത്. അയൽ രാജ്യങ്ങളോട് സഹകരണം ശക്തമാക്കുക നയമാണെന്ന് ഇറാൻ പ്രസിഡണ്ട് ആവർത്തിച്ചത് ശുഭസൂചനയും ഗൾഫ് രാജ്യങ്ങൾക്കുള്ള നല്ല സന്ദേശവുമാണ്. ഇത് ചർച്ചകളെ സഹായിക്കുമെന്ന് ഉറപ്പാണ്. ചർച്ചകളോട് പ്രതിജ്ഞബദ്ധമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകളിൽ പുരോഗതിയെന്നാണ് അമേരിക്കൻ വൈസ് പ്രസിഡന്‍റും പറയുന്നത്. ധാരണ അനുമതി കാത്ത് പ്രസിഡണ്ട് ട്രംപിന്റെ മേശപ്പുറത്താണ്. ഇതിലാണ് ഉടൻ തന്നെ തീരുമാനമെടുക്കാൻ ട്രംപ് നിർണായക യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം ബുഷഹർ മേഖലയിൽ അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടെന്ന് ഇറാനും, തകർക്കപ്പെട്ടിട്ടില്ലെന്ന് അമേരിക്കയും അവകാശപ്പെട്ടു. ഹോർമൂസിനോട് ചേർന്ന ജാം നഗരത്തിലാണ് ശത്രു വിമാനത്തെ നേരിട്ടതായി ഇറാൻ അറിയിച്ചത്. ബുഷഹർ ഡ്രോൺ വെടിവെച്ചിട്ടതായും അവകാശപ്പെട്ടു. എന്നാൽ തങ്ങളുടെ വിമാനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് ഉടനടി വിശദീകരിച്ചു. അതിനിടെ ഹോർമൂസിൽ ഇറാനൊപ്പം നിൽക്കരുതെന്ന കടുത്ത മുന്നറിയിപ്പ് അമേരിക്ക ഒമാന് നൽകിയിട്ടുണ്ട്. ഇറാനുമായി ചേർന്ന് ഹോർമൂസ് നിയന്ത്രിക്കാൻ ഒമാൻ നീങ്ങുന്നു എന്ന് കണക്കാക്കിയാണ് യു എസ് ട്രഷറി സെക്രട്ടറി തന്നെ മുന്നറിയിപ്പ് തൊടുത്തത്. നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ഇറാനും ഒമാനും പലതവണ ചർച്ചകൾ നടത്തിയതാണ് ഈ വിഷയത്തിൽ. വിഷയത്തിൽ പലപ്പോഴും ഗൾഫ് രാജ്യങ്ങളുടെ പൊതു നിലപാടിൽ നിന്ന് വ്യത്യസ്തമായിരുന്നു ഒമാന്റെ പല സമീപനങ്ങളും. ഇത് മുൻനിർത്തിയാണ് അമേരിക്ക ഒമാനോടും കടുപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam