
ഹേഗ്:ഇറാനിലെ ആണവ നിലയങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തെ 1945ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിരോഷിമയും നാഗസാക്കിയിലുമുണ്ടായ ആണവ ബോംബാക്രമണവുമായി താരതമ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഇത്തരമൊരു ആക്രമണമാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതെന്നും നാറ്റോ ഉച്ചക്കോടിക്കിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കൻ ആക്രമണം ഇറാന്‍റെ ആണവ പദ്ധതികളെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചുവെന്നും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
"ആ ഒരു അടിയാണ് യുദ്ധം അവസാനിപ്പിച്ചത്. ഹിരോഷിമയെയോ നാഗസാക്കിയെയോ അതിന് ഉദാഹരണമായി കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിനു സമാനമായ കാര്യം തന്നെയാണ് ഇപ്പോള്‍ യുദ്ധം അവസാനിപ്പിച്ചത്. ഞങ്ങള്‍ അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ അവര്‍ ഇപ്പോഴും പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരിക്കുമായിരുന്നു", ട്രംപ് പറഞ്ഞു.
ഇറാനിലെ ഫോര്‍ദോ, നാറ്റന്‍സ്, ഇസ്ഫഹാൻ എന്നീ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിലാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് അമേരിക്ക ആക്രമണം നടത്തിയത്. അമേരിക്കയുടെ ആക്രമണം ഇറാന്‍റെ ആണവ പദ്ധതികളെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. കുറെ കാലത്തേക്ക് അവര്‍ ബോംബുകള്‍ ഉണ്ടാക്കാൻ പോകുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചതെന്നാണ് അമേരിക്കയുടെ വാദം. ബങ്കർ ബസ്റ്റർ ബോംബ് ആക്രമണത്തിൽ ആണവസംവിധാനങ്ങൾ തകർന്നില്ലെന്ന പെന്റഗൺ റിപ്പോർട്ടും ട്രംപ് തള്ളി.
ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തൽ കരാര്‍ കൃത്യമായി മുന്നോട്ടുപോകുന്നുണ്ടെന്നും ഇറാനിലെ അമേരിക്ൻ ആക്രമണം പശ്ചിമേഷ്യയ്ക്ക് നല്ലരീതിയിൽ ഗുണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തൽ നടപ്പായതോടെ ഇറാനും ഇസ്രയേലും ശാന്തമാണ്. വ്യോമഗതാഗതം സാധാരണ നിലയിലേക്കെത്തി.1945ൽ ഹിരോഷിമയും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചതിന് പിന്നാലെയാണ് രണ്ടാം ലോക മഹായുദ്ധം അവസാനിച്ചത്.