യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അമേരിക്കൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്താനായി എത്തിക്കഴിഞ്ഞു. വരും മണിക്കൂറുകളിൽ ഫ്ലോറിഡയിലെ ട്രംപിന്റെ വസതിയിലാണ് ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നടക്കുക
ഫ്ലോറിഡ: റഷ്യ - യുക്രൈൻ യുദ്ധത്തിന് അറുതി വരുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങൾ വിജയം കാണുമോ? ഉത്തരം തേടി ലോകം അമേരിക്കയിലേക്ക് ഉറ്റുനോക്കുകയാണ്. ഇക്കാര്യത്തിൽ അതി നിർണായക ചർച്ചകളാണ് വരും മണിക്കൂറിൽ നടക്കുക. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അമേരിക്കൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്താനായി എത്തിക്കഴിഞ്ഞു. വരും മണിക്കൂറുകളിൽ ഫ്ലോറിഡയിലെ ട്രംപിന്റെ വസതിയിലാണ് ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നടക്കുക. മൂന്ന് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈ എടുത്തുനടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലൻസ്കിയുമായുള്ള ചർച്ച.
ട്രംപിന്റെ സമാധാന പദ്ധതി ഫലം കാണുമോ?
അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു വർഷമാകുമ്പോഴും പ്രഖ്യാപനത്തിനപ്പുറത്തേക്ക് നടപടികൾ എത്തിയിട്ടില്ല. സമാധാനശ്രമം ട്രംപ് നിരന്തരമായി നടത്തുന്നുണ്ടെങ്കിലും പല പല കാരണങ്ങളാൽ ലക്ഷ്യം അകലുകയായിരുന്നു. യുക്രൈനെ തള്ളുന്ന തന്ത്രങ്ങൾ പോലും ട്രംപ് പലപ്പോഴും പ്രയോഗിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സെലൻസ്കിയുമായുള്ള പുതിയ ചർച്ചയിൽ അമേരിക്ക, യുക്രൈന് നൽകുന്ന സൈനികവും ആയുധപരവുമായ സഹായങ്ങളും വിഷയമാകുമെന്ന് ഉറപ്പാണ്. യുക്രൈന് അമേരിക്ക നൽകികൊണ്ടിരിക്കുന്ന വൻതോതിലുള്ള സൈനിക സഹായം തുടരുമോ എന്ന കാര്യത്തിൽ സെലൻസ്‌കിക്ക് നിലവിൽ ആശങ്കയുണ്ട്. ട്രംപിന്റെ സമാധാന പദ്ധതിയിൽ യുക്രൈൻ തങ്ങളുടെ അധീനതയിലുള്ള ചില പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുനൽകേണ്ടി വരുമോ എന്ന ചർച്ചകളും അന്താരാഷ്ട്ര തലത്തിൽ സജീവമാണ്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് ട്രംപ്. അതുകൊണ്ടുതന്നെ ഇരുപക്ഷത്തെയും സമാധാനത്തിലേക്ക് കൊണ്ടുവരാൻ ട്രംപിന് കഴിയുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നു. എന്നാൽ യുക്രൈന്‍റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയുള്ള ഒരു പരിഹാരമാണ് സെലൻസ്‌കി ലക്ഷ്യമിടുന്നത്. എന്നാൽ പുതിയ ചർച്ചയിൽ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നിലപാട് യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും. ട്രംപുമായുള്ള സെലൻസ്കിയുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. അമേരിക്ക സൈനിക സഹായം പിൻവലിച്ചാൽ യുക്രൈന്‍റെ പ്രതിരോധം ദുർബലമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതേസമയം, ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ച ഈ യുദ്ധം സമാധാനപരമായ ചർച്ചകളിലൂടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. ട്രംപും സെലൻസ്കിയും തമ്മിലുള്ള ചർച്ച അവസാനിക്കുമ്പോൾ എന്താകും തീരുമാനമെന്നത് അറിയാനായി ഉറ്റുനോക്കുകയാണ് ലോകം.


