
വാഷിങ്ടൻ: ട്രംപ് മരിച്ചോയെന്ന് ഓൺലൈനിൽ തിരച്ചിൽ. ശനിയാഴ്ച ഗൂഗിളിലും സമൂഹമാധ്യമങ്ങളിലും നിരവധി പേരാണ് ട്രംപിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കിംവദന്തികൾ പരന്നതോടെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസ്താവനയുമാണ് തിരച്ചിലിന് കാരണം. ട്രംപ് മരിച്ചോ?, ട്രംപ് മരിച്ചു തുടങ്ങിയ വാചകങ്ങളും ഹാഷ്ടാഗുകളും സൈബർ ലോകത്ത് നിറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വൈറ്റ് ഹൗസ് ട്രംപിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടു. വിർജീനിയയിലെ ഗോൾഫ് ക്ലബ്ബിലേക്കു പ്രസിഡന്റ് പോകുന്ന ചിത്രം പുറത്തുവന്നതോടെ അഭ്യൂഹത്തിന് വിരാമമായി. വെള്ള ടീഷർട്ടും ചുവന്ന തൊപ്പിയും ധരിച്ച് ഗോൾഫ് ക്ലബിലേക്കു പോകുന്ന ചിത്രമാണ് പുറത്തുവിട്ടത്. പേരക്കുട്ടികൾക്കൊപ്പമാണ് അദ്ദേഹം പോയതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
വലതുകൈയിൽ ചതവും കണങ്കാലിന് ചുറ്റും നീരുമുള്ള ട്രംപിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആഭ്യൂഹങ്ങൾ പരന്നത്. നേരത്തെയും ട്രംപിന്റെ ആരോഗ്യം സംബന്ധിച്ച് അഭ്യൂഹം പ്രചരിച്ചിരുന്നു.
ട്രംപിന് സിവിഐ എന്ന രോഗാവസ്ഥ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു കത്ത് കഴിഞ്ഞ മാസം പുറത്തായിരുന്നു. അഭ്യൂഹങ്ങൾ സ്ഥിരീകരിക്കുന്ന രീതിയിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസ്താവനയും ചർച്ചയായി. ട്രംപിന് അത്യാഹിതം സംഭവിച്ചാൽ രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുക്കാൻ സജ്ജനാണെന്നായിരുന്നു വാൻസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.