
വാഷിങ്ടൺ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുന്നത് ജൂലൈ 9 വരെ നീട്ടി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം. വ്യാപാര കരാർ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നും ധാരണയായി.
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകളിൽ ഒരു പുരോഗതിയുമില്ലെന്ന് മൂന്ന് ദിവസം മുൻപ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ചർച്ചകളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ തീരുവ ചുമത്തലുമായി മുന്നോട്ട് പോകുമെന്നും ട്രംപ് അറിയിച്ചിരുന്നു. ജൂൺ ഒന്ന് മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെതിരെ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നായിരുന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ ഈ തീയതിയാണ് നീട്ടിയിരിക്കുന്നത്.
അതിനിടെ, ജൂൺ 1 മുതൽ തീരുവ ചുമത്തിത്തുടങ്ങുമെന്ന ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ യു എസ് സ്റ്റോക്ക് മാർക്കറ്റ് കുത്തനെ ഇടിഞ്ഞിരുന്നു. യൂറോപ്യൻ ഓഹരി വിപണികളിലും വലിയ നഷ്ടമുണ്ടായി. യൂറോപ്യൻ ഓഹരി വിപണി രണ്ട് ശതമാനത്തിലേറെ ഒറ്റയടിക്ക് ഇടിഞ്ഞതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
കൂടാതെ, അമേരിക്കക്ക് പുറത്ത് നിർമാണം നടത്തുന്ന ഐഫോൺ, സാംസങ് അടക്കമുള്ള എല്ലാ കമ്പനികൾക്കും 25 ശതമാനം താരിഫ് ചുമത്തുമെന്ന് ഡോണൾഡ് ട്രംപ്. ഏത് കമ്പനിയായാലും 25 ശതമാനം ഇറക്കുമതി നികുതി നേരിടേണ്ടിവരുമെന്നും ഉടൻ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ട്രംപ് മുന്നറിയിപ്പേകി. അമേരിക്കയിലാണ് നിര്‍മ്മാണമെങ്കില്‍ താരീഫ് ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....