
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി ഓപ്പറേഷൻ എപിക് ഫ്യൂരി അവസാനിപ്പിക്കാൻ അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ആവാത്ത ഘട്ടത്തിലാണ് ഓപ്പറേഷൻ എപിക് ഫ്യൂരി അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധം ആരംഭിച്ച് അഞ്ച് ആഴ്ചകൾ പിന്നിട്ട സാഹചര്യത്തിലാണ് ഡൊണാൾഡ് ട്രംപിന്റെ പിന്മാറ്റ ശ്രമങ്ങൾ പുറത്ത് വരുന്നത്. ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ സങ്കീർണമാണെന്നും യുദ്ധം അനിശ്ചിതമായി നീണ്ടുപോകാൻ കാരണമാകുന്നുവെന്നുമാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഇത്തരത്തിൽ ഓപ്പറേഷൻ എപിക് ഫ്യൂരിയിൽ നിന്ന് അമേരിക്ക പിന്മാറിയാൽ ആഗോള ഊർജ്ജ വില വർധിപ്പിച്ച ഈ സമുദ്രപാതയുടെ നിയന്ത്രണം ഇറാന്റെ കൈകളിൽ തന്നെ തുടരാൻ സാധ്യതയുണ്ട്.
കടലിടുക്ക് തുറക്കുന്നതിനായുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെങ്കിലും നിലവിൽ അതിന് മുൻഗണന നൽകുന്നില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി പശ്ചിമേഷ്യയിൽ യുഎസ് സൈനിക ശക്തി വർധിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ മാത്രം യുഎസ്എസ് ട്രിപ്പോളിയും 2500ലധികം മറൈൻ സൈനികരും പശ്ചിമേഷ്യൻ മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ 10000 കരസേന സൈനികരെ കൂടി വിന്യസിച്ച് ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാനുള്ള പദ്ധതികളും ട്രംപിന്റെ പരിഗണനയിലുണ്ട്.
ഇറാന്റെ നാവികസേനയെയും മിസൈൽ ശേഖരത്തെയും ദുർബലപ്പെടുത്തുക എന്ന തന്ത്രപ്രധാനമായ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുശേഷം സൈനിക നടപടികൾ അവസാനിപ്പിക്കുകയും വ്യാപാര പാതകൾ പുനസ്ഥാപിക്കാൻ ഇറാനുമേൽ നയതന്ത്ര സമ്മർദ്ദം ചെലുത്തുകയും ചെയ്യും. ഈ നീക്കം പരാജയപ്പെട്ടാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് യൂറോപ്പിലെയും ഗൾഫിലെയും സഖ്യകക്ഷികൾ നേതൃത്വം നൽകണമെന്ന് വാഷിംഗ്ടൺ ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥർ വാൾ സ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചത്. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലും വാഷിംഗ്ടണിന്റെ ഈ നിലപാടുമാറ്റം പ്രകടമായിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നത് ഇറാന്റെ സൈനിക നടപടി അവസാനിപ്പിക്കുന്നതിനായി ട്രംപ് നിശ്ചയിച്ചിട്ടുള്ള പ്രധാന ലക്ഷ്യങ്ങളിൽ ഒന്നല്ലെന്നാണ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിശദമാക്കിയത്. യുഎസ് സൈനിക നടപടി അവസാനിച്ചശേഷം കടലിടുക്ക് ഏതെങ്കിലും ഒരു തരത്തിൽ വീണ്ടും തുറക്കും എന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അൽ ജസീറയോട് പ്രതികരിച്ചത്.
നാവികസേനയുടെ വലിയൊരു ഭാഗം തകരുകയും അമേരിക്കയുടെ തുടർച്ചയായ ബോംബാക്രമണം നേരിടുകയും ചെയ്തിട്ടും, ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണി ഉയർത്തുന്നത് തുടരുകയാണ്. ഇത് എണ്ണ വിതരണത്തെ ബാധിക്കുകയും ആഗോള വിപണിയിൽ എണ്ണ വില ഉയരാൻ കാരണമാവുകയും ചെയ്തു. യുദ്ധകാലയളവിൽ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തന്റെ ലക്ഷ്യങ്ങളിൽ ട്രംപ് പലപ്പോഴും നിലപാടുകൾ മാറ്റിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam