ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി, അട്ടിമറി ശ്രമമെന്ന് ട്രംപ്; സെനറ്റ് തീരുമാനിക്കും ഭാവി

By Web TeamFirst Published Dec 19, 2019, 7:17 AM IST
Highlights

സെനറ്റിലും പാസായാൽ മാത്രമേ ട്രംപിന് പ്രസിഡന്‍റ് സ്ഥാനം നഷ്ടമാകൂ റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇതിന് സാധ്യത കുറവാണ്.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. 435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഡെമോക്രറ്റുകൾക്കായതിനാൽ പ്രമേയം പാസാകുമെന്നത് നേരത്തെ തന്നെ ഉറപ്പായിരുന്നു. 195 നെതിരെ 228 വോട്ടിനാണ് ഇംപീച്ച്മെന്‍റ് പ്രമേയം പാസായത്.

അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപ്. രണ്ട് കുറ്റാരോപണങ്ങളായിരുന്നു ട്രംപിനെതിരെ ചുമത്തിയിരുന്നത്. അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളായിരുന്നു ഇവ. അധികാര ദുർവിനിയോഗം 197 നെതിരെ 230 വോട്ടിന് പാസായി .എന്നാൽ സെനറ്റിലും പാസായാൽ മാത്രമേ ട്രംപിന് പ്രസിഡന്‍റ് സ്ഥാനം നഷ്ടമാകൂ റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇതിന് സാധ്യത കുറവാണ്.

ട്രംപിനെതിരെ പാസാക്കിയ പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ശിക്ഷ വിധിക്കാനാവൂ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയില്‍100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ ചെയ്യും. അഞ്ച് വിചാരണയുണ്ട്. ഇതിന് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാം. പക്ഷേ സെനറ്റില്‍ ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം.

അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയാണെന്നായിരുന്നു ഇംപീച്ച്മെന്‍റിനോടുള്ള വൈറ്റ് ഹൗസ് പ്രതികരണം. ഇംപീച്ച്മെന്‍റ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ട്രംപ് പ്രതികരിച്ചു. ജനാധിപ്യത്തിനെതിരെ ഡെമോക്രാറ്റുകൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പറഞ്ഞ ട്രംപ് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു.

click me!