
വാഷിങ്ടൺ: വെനസ്വേലക്ക് വീണ്ടും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. അമേരിക്കയെ ധിക്കരിച്ചാൽ, ശരിയായത് ചെയ്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റിന് ഡെൽസി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നൽകി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി. ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് പുതിയ പ്രതികരണം നടത്തിയത്. 'ശരിയായത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും' എന്നാണ് ഇടക്കാല പ്രസിഡന്‍റിന് ഡെൽസി റോഡ്രിഗസിന് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്‍റ് നിക്കോളാസ് മദുറോയെ തടങ്കലിലാക്കിയ അമേരിക്കൻ നടപടിക്കെതിരെ റോഡ്രിഗസ് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. യുഎസ് സൈന്യം കാരക്കാസിനെ ആക്രമിച്ച് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി മണിക്കൂറുകൾക്ക് പിന്നാലെ റോഡ്രിഗസ് വാഷിംഗ്ടണുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധത സ്വകാര്യമായി സൂചിപ്പിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിൽ അമേരിക്കയ്ക്ക് പൂർണ്ണമായ പ്രവേശനം നൽകണം. റോഡ്രിഗസ് ഇതിന് തയ്യാറായാൽ രാജ്യത്തെ പുനർനിർമ്മിക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്യാൻ അമേരിക്കാകും. ക്രൂഡ് ഓയിൽ അടക്കമുള്ളവയിൽ അമേരിക്കയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകണം- ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം ട്രംപിന്റെ പ്രസ്താവനകളെ റോഡ്രിഗസ് തള്ളിക്കളഞ്ഞു. വെനസ്വേല ഒരിക്കലും ഒരു കോളനി ആകില്ലെന്ന് റോഡ്രിഗസ് തുറന്നടിച്ചു. രാജ്യത്തിന്‍റെ സ്വാഭാവിക വിഭവങ്ങൾ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ പ്രതിരോധ നേതൃത്വം മദുറോയുടെ നയങ്ങളിൽ പ്രതിജ്ഞാബദ്ധമാണെന്നും റോഡ്രിഗസ് വ്യക്തമാക്കി. നിക്കോളാസ് മദുറോ അമേരിക്കയുടെ തടവിലായതോടെയാണ് രാജ്യത്തിന്റെ ഇടക്കാല ഭരണച്ചുമതല വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് (56) ഏറ്റെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam