
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്ത മകനും ട്രംപ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവുമായ ഡോണൾഡ് ട്രംപ് ജൂനിയറും, പ്രശസ്ത മോഡലും ഇൻഫ്ലുവൻസറുമായ ബെറ്റിന ആൻഡേഴ്സണും വിവാഹിതരായി. വ്യാഴാഴ്ച ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു നിയമപരമായ വിവാഹം. തുടർന്ന് ശനിയാഴ്ച ബഹാമാസിലെ ഒരു സ്വകാര്യ ദ്വീപിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിപുലമായ ആഘോഷങ്ങളും നടന്നു. ഇറാനുമായുള്ള യുദ്ധ പശ്ചാത്തലവും ഔദ്യോഗിക തിരക്കുകളും കാരണം പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. ദമ്പതികളുടെ വിവാഹ വാർത്ത പുറത്തുവന്നതോടെ ഇവരുടെ വൻ ആസ്തിയെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്.
ഫോർബ്സ് മാഗസിന്റെ കണക്കുകൾ പ്രകാരം 2024 നവംബറിൽ ഏകദേശം 50 മില്യൺ ഡോളർ (അഞ്ച് കോടി ഡോളർ) മാത്രമായിരുന്ന ഡോണൾഡ് ട്രംപ് ജൂനിയറിന്റെ ആസ്തി വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. നിലവിൽ 300 മില്യൺ ഡോളറിലധികം (30 കോടി ഡോളർ) ആണ് അദ്ദേഹത്തിന്റെ ആസ്തി. അതായത് വെറും ഒരു വർഷം കൊണ്ട് ആസ്തിയിൽ ആറിരട്ടി വർദ്ധനവുണ്ടായി. ക്രിപ്റ്റോ കറൻസി വിപണിയിലെ നിക്ഷേപങ്ങളാണ് തന്റെ ആസ്തി ഇത്രയധികം ഉയരാൻ കാരണമെന്ന് ഡോൺ ജൂനിയർ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ ബിറ്റ്‌കോയിൻ (American Bitcoin): ട്രംപ് ജൂനിയറും സഹോദരൻ എറിക്കും ചേർന്ന് ആരംഭിച്ച ഈ ക്രിപ്റ്റോ മൈനിംഗ് ബിസിനസിലെ ഓഹരികളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം. കമ്പനിയുടെ 1% മുതൽ 5% വരെ ഓഹരികൾ അദ്ദേഹത്തിന്റെ പക്കലുണ്ടെന്നാണ് വിവരം.
വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ (World Liberty Financial): ട്രംപ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ ക്രിപ്റ്റോ ബിസിനസ് വഴി 1.4 ബില്യൺ ഡോളറിന്റെ ടോക്കണുകളാണ് വിറ്റഴിച്ചത്. ഇതിന്റെ വരുമാനത്തിൽ വലിയൊരു പങ്ക് ട്രംപിന്റെ മക്കളായ എറിക്, ഡോൺ ജൂനിയർ, ബാരൺ എന്നിവർക്കാണ് ലഭിക്കുന്നത്.
ട്രംപ് കുടുംബത്തിന്റെ പരമ്പരാഗത റിയൽ എസ്റ്റേറ്റ് ബിസിനസ് സാമ്രാജ്യമായ 'ട്രംപ് ഓർഗനൈസേഷന്റെ' ഉയർന്ന പദവികളിൽ നിന്നും രാഷ്ട്രീയ ഫണ്ട് ശേഖരണങ്ങളിൽ നിന്നും വലിയൊരു വരുമാനവും ഇദ്ദേഹത്തിനുണ്ട്.
ഫ്ലോറിഡയിലെ പ്രശസ്തമായ പാം ബീച്ച് സോഷ്യലിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ബെറ്റിന ആൻഡേഴ്സൺ. അന്തരിച്ച പ്രശസ്ത ബാങ്കറും, ജീവകാരുണ്യ പ്രവർത്തകനുമായ ഹാരി ലോയ് ആൻഡേഴ്സണിന്റെ മകളാണ് ബെറ്റിന. ലക്ഷ്വറി റിയൽ എസ്റ്റേറ്റ് രംഗത്തും ജീവകാരുണ്യ മേഖലയിലും വലിയ സ്വാധീനമുള്ള കുടുംബമാണ് ബെറ്റിനയുടേത്. ഫാഷൻ രംഗത്തും സോഷ്യൽ മീഡിയയിലും സജീവമായ ബെറ്റിനയുടെ വ്യക്തിഗത ആസ്തി 5,00,000 ഡോളറിനും 6,00,000 ഡോളറിനും ഇടയിലാണെന്നാണ് അനൌദ്യോഗിക കണക്കുകൾ.
ഡോണൾഡ് ട്രംപ് ജൂനിയറിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ വനേസ ട്രംപിൽ ട്രംപ് ജൂനിയറിന് അഞ്ച് കുട്ടികളുണ്ട്. അതിനുശേഷം മുൻ ഫോക്സ് ന്യൂസ് അവതാരക കിംബർലി ഗിൽഫോയിലുമായി അദ്ദേഹം പ്രണയത്തിലായിരുന്നെങ്കിലും 2024-ൽ ആ ബന്ധം വേർപിരിഞ്ഞു. തുടർന്നാണ് ബെറ്റിനയുമായി അടുത്തതും ഇപ്പോൾ വിവാഹിതരായതും. ബെറ്റിനയുടെ ആദ്യ വിവാഹമാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam