
ദുബായ്: ബലിപെരുന്നാൾ അവധിയും സ്കൂൾ വേനലവധിയും ഒരുമിച്ചെത്തുന്നതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുമെന്നത് കണക്കിലെടുത്ത് മുന്നറിയിപ്പ് നൽകി വിമാന കമ്പനികൾ. തിരക്ക് ഒഴിവാക്കാനും സുരക്ഷിതമായി യാത്ര ചെയ്യാനും യാത്രക്കാർ വിമാനത്താവളങ്ങളിൽ നിശ്ചയിച്ച സമയത്തിലും നേരത്തെ എത്തണമെന്നും ഓൺലൈൻ/ഹോം ചെക്ക്-ഇൻ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്സ്, ഫ്ലൈദുബായ് എന്നീ വിമാനക്കമ്പനികൾ നിർദ്ദേശിച്ചു.
യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയും, പൊതുമേഖലയ്ക്ക് മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയുമാണ് പെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്ക് അയവ് വന്നതോടെ വിമാന സർവീസുകൾ പൂർണ്ണതോതിൽ പ്രവർത്തനം നടത്തുന്നുണ്ട്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുൻപെങ്കിലും ബോർഡിംഗ് ഗേറ്റിൽ എത്തിച്ചേരേണ്ടതാണ്. തിരക്കുള്ള സമയങ്ങളിൽ ഇമിഗ്രേഷൻ, സെക്യൂരിറ്റി പരിശോധനകൾക്ക് സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കും. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യുഎഇ നിവാസികൾ ദുബായ് മെട്രോയോ മറ്റ് പൊതുഗതാഗത സംവിധാനങ്ങളോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഇത്തിഹാദ് എയർവേയ്‌സ്
അബുദാബിയിൽ നിന്ന് യാത്ര ചെയ്യുന്നവർ ലഗേജ് നിയമങ്ങൾ കൃത്യമായി പാലിക്കണം. പവർ ബാങ്കുകൾ, മാറ്റാൻ കഴിയുന്ന ബാറ്ററിയുള്ള സ്മാർട്ട് ബാഗുകൾ , ഇ-സിഗരറ്റുകൾ എന്നിവ കർശനമായും കാബിൻ ബാഗേജിൽ മാത്രമേ വെക്കാവൂ. ഇവ ചെക്ക്-ഇൻ ലഗേജിൽ അനുവദിക്കില്ല.
യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണം. ഡിജിറ്റൽ സേവനങ്ങളും മുൻകൂട്ടിയുള്ള ചെക്ക്-ഇൻ രീതികളും ഉപയോഗപ്പെടുത്തുക.
ഫ്ലൈദുബായ് നിർദ്ദേശം
ഫ്ലൈദുബായ് വിമാനങ്ങളിൽ പോകുന്നവർ വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് കമ്പനി വ്യക്തമാക്കി. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുൻപ് ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കും. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ 75 മിനിറ്റ് മുൻപ് വരെ ഓൺലൈൻ വഴി ചെക്ക്-ഇൻ ചെയ്യാം. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ 'ഹോം ചെക്ക്-ഇൻ' സൗകര്യമോ ഷാർജയിലുള്ള ഫ്ലൈദുബായ് ട്രാവൽ ഷോപ്പിലെ 'സിറ്റി ചെക്ക്-ഇൻ' സൗകര്യമോ യാത്രക്കാർക്ക് ഉപയോഗിക്കാവുന്നതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam