
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയുടെ വന്‍ വിജയത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകള്‍ക്കായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്.
"
ഇന്ത്യ-യുഎസ് വ്യാപാരകരാറിനെ കുറിച്ച് സജീവമായി ആലോചിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ഇടയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ട്രംപ് വെളിപ്പെടുത്തി. ഹൂസ്റ്റണിലെ പരിപാടിയില്‍ പങ്കെടുത്തതിന് മോദി ട്രംപിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ട്രംപ് എന്‍റെ സുഹൃത്താണ് അതിലേറെ അദ്ദേഹം ഇന്ത്യയുടെ വളരെ നല്ല സുഹൃത്താണ് മോദി പറഞ്ഞു. ഈ വര്‍ഷം ഇതു നാലാം തവണയാണ് മോദിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
ഹൂസ്റ്റണിലെ പരിപാടികള്‍ക്ക് ശേഷം ഇന്ത്യയോടുള്ള അമേരിക്കയുടെ നയത്തില്‍ മാറ്റം വന്നുവെന്ന സൂചന നല്‍കിയാണ് ട്രംപ് സംസാരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വളരെ നല്ല മനുഷ്യരാണെന്നും അവര്‍ക്ക് രണ്ട് പേര്‍ക്കും കൂടി നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു.
സ്വന്തം രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ തന്‍റെ നിലപാട് ഹൂസ്റ്റണില്‍ മോദി തുറന്നു പറഞ്ഞിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനാവുമെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്.
എനിക്കറിയുന്ന ഇന്ത്യയില്‍ പലതരം ഭിന്നതകളും അഭ്യന്തര പ്രശ്നങ്ങളും നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് ഒരു പിതാവിനെ എന്ന പോലെ മോദി തന്‍റെ രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുകയാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് നമ്മുക്ക് അദ്ദേഹത്തെ വിളിക്കാം - ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam