'കശ്മീരി'ൽ മധ്യസ്ഥനാകാമെന്ന് വീണ്ടും ട്രംപ്, വേണ്ടെന്ന് ഇന്ത്യ; മോദി - ട്രംപ് കൂടിക്കാഴ്ച ഇന്ന്

By Web TeamFirst Published Sep 24, 2019, 2:02 PM IST
Highlights

യുഎന്നിനിടെ ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മുൻപേ സംയുക്ത പ്രസ്താവനയിലാണ് കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാമെന്ന് ഡോണൾഡ് ട്രംപ് വാഗ്‍ദാനം ചെയ്തത്. ഇത് മൂന്നാം തവണയാണ് ട്രംപ് ഇതേ വാഗ്‍ദാനം ആവർത്തിക്കുന്നത്.

ദില്ലി/ന്യൂയോർക്ക്: കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന തള്ളിക്കളഞ്ഞ് ഇന്ത്യ. കശ്മീരിൽ ഒരു മൂന്നാം കക്ഷി ഇടപെടേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം ''നാളെ വരെ കാത്തിരിക്കൂ'' എന്നാണ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. മോദിയും ട്രംപുമായുള്ള കൂടിക്കാഴ്ച വരെ കാത്തിരിക്കൂ എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ട്രംപുമായുള്ള കൂടിക്കാഴ്ചയിലും ഇന്ത്യ ഇതേ നിലപാടിൽ ഉറച്ചുനിൽക്കാനാണ് സാധ്യത.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് നടത്തിയ സംയുക്തപ്രസ്താവനയിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെടുന്നെങ്കിൽ അതിന് ''തയ്യാറാണ്, അതിന് തനിക്ക് കഴിയും'', എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. 

''എനിക്കീ വിഷയത്തിൽ (കശ്മീർ) സഹായിക്കാനാകുമെങ്കിൽ ഞാനത് ചെയ്യും. രണ്ട് കക്ഷികളും (ഇന്ത്യയും പാകിസ്ഥാനും) ആവശ്യപ്പെടുന്നെങ്കിൽ, ഞാനതിന് തയ്യാറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. അതേപോലെ, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും എനിക്ക് നല്ല ബന്ധമുണ്ട്. തീർച്ചയായും നല്ല മധ്യസ്ഥനാകും ഞാൻ. മധ്യസ്ഥ ചർച്ചയിൽ ഞാൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല'', എന്ന് ട്രംപ് വ്യക്തമാക്കി. 

ഇത് മൂന്നാം തവണയാണ് മധ്യസ്ഥവാഗ്‍ദാനം ട്രംപ് ആവർത്തിക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ട്രംപ് നടത്തിയ വാഗ്‍ദാനങ്ങളും ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. 

''ഹൗഡി മോദി'' എന്ന, ഹ്യൂസ്റ്റണിലെ വൻ പ്രചാരണപരിപാടിയിലും ഇതേ വാഗ്‍ദാനം ട്രംപ് ആവർത്തിച്ചതാണ്. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ഗിതേഷ് ശർമ പറഞ്ഞതിങ്ങനെ, ''നാളെ ട്രംപ് -മോദി കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്. അത് കഴിയുംവരെ നമുക്ക് കാത്തിരിക്കാം''.

അതേസമയം, വിദേശകാര്യവക്താവ് രവീഷ് കുമാർ ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. ''ഇന്ത്യയുടെ നിലപാട് നിങ്ങൾക്കറിയാം. കാത്തിരിക്കൂ, യോഗം വരെ കാത്തിരിക്കൂ. ഒരുപാട് സമയം ഒന്നുമില്ലല്ലോ'', എന്ന് രവീഷ് കുമാർ. 

ജൂലൈയിലാണ് ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കശ്മീർ പ്രശ്നത്തിൽ താൻ മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തിയത്. ഇത് വലിയ വിവാദമായതോടെ വിദേശകാര്യമന്ത്രാലയം മോദി അത്തരത്തിലൊരു പ്രസ്താവന തന്നെ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നു. പിന്നീട് ഫ്രാൻസിൽ ഓഗസ്റ്റിൽ നടന്ന ജി-7 ഉച്ചകോടിയിൽ, ഇന്ത്യ അത്തരമൊരു നിലപാട് ഒരിക്കലും സ്വീകരിക്കാനുദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കി. 

Read More: ട്രംപിന്‍റെ 'കശ്മീർ മധ്യസ്ഥത' വിവാദത്തിൽ: തള്ളി ഇന്ത്യ, വിശദീകരണവുമായി അമേരിക്ക

ഹ്യൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ ട്രംപിനെ സാക്ഷി നിർത്തിത്തന്നെ മോദി പാകിസ്ഥാനെ പരോക്ഷമായി ആക്രമിച്ചു. ''ഇന്ത്യയ്ക്ക് എതിരെ വെറുപ്പ് പ്രചരിപ്പിക്കലാണ് അവരുടെ അജണ്ട. സ്വന്തം രാജ്യം നന്നായി ഭരിക്കാൻ അറിയാത്തവരാണ് ഇന്ത്യയെ പരിഹസിക്കുന്നത്'', എന്ന് മോദി ആ പരിപാടിയിൽ പരിഹസിച്ചു.

ഇസ്ലാമികതീവ്രവാദം, ലോകത്തിന് തന്നെ ഭീഷണിയാണെന്ന് പറഞ്ഞ ട്രംപ് അതിർത്തിയിലെ സുരക്ഷ അമേരിക്കയ്ക്ക് എത്രത്തോളം പ്രധാനമാണോ, അത്രത്തോളം പ്രധാനമാണ് ഇന്ത്യക്കും എന്നത് അമേരിക്ക മനസ്സിലാക്കുന്നു എന്ന് പ്രഖ്യാപിച്ചു. 

തിങ്കളാഴ്ച, ഹൗഡി മോദിക്ക് ശേഷം, പാകിസ്ഥാൻ ഭീകരരുടെ താവളമാണെന്ന മോദിയുടെ പ്രസ്താവനയോട് യോജിക്കുന്നോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, 'ഇറാനാണ് അതിലൊക്കെ വലിയ ഭീഷണി' എന്നായിരുന്നു ട്രംപിന്‍റെ മറുപടി. പാകിസ്ഥാനെ കടന്നാക്രമിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ 50,000 ഇന്ത്യൻ- അമേരിക്കക്കാർ അത് നന്നായി സ്വീകരിച്ചെന്നായിരുന്നു ട്രംപിന്‍റെ മറുപടി.

അമേരിക്ക - പാക് ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ''എന്‍റെ സ്ഥാനത്ത് മുമ്പ് ഇരുന്നിരുന്ന പലരും, പാകിസ്ഥാനെ വളരെ മോശമായാണ് കൈകാര്യം ചെയ്തത്. പക്ഷേ, ഞാൻ പാകിസ്ഥാനെ വിശ്വസിക്കുന്നു'', എന്ന് ട്രംപ്. 

click me!