
വാഷിംഗ്ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ നിർണായക വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും വൈകാതെ നിങ്ങളും അറിയുമെന്നുമാണ് ട്രംപിന്റെ തുറന്നുപറച്ചിൽ. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്. 'എനിക്ക് നിങ്ങളോട് കൃത്യമായി പറയാൻ സാധിക്കില്ല. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. അദ്ദേഹത്തിന് ഞാൻ നല്ലത് ആശംസിക്കുന്നു.' ട്രംപ് പറഞ്ഞു.
ഏപ്രിൽ 15 ന് നടന്ന മുത്തച്ഛന്റെ ജന്മവാർഷിക ദിനാഘോഷത്തിൽ കിമ്മിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. ആദ്യമായാണ് കിം മുത്തച്ഛന്റെ ജന്മവാർഷിക ആഘോഷങ്ങളിൽ നിന്ന് കിം വിട്ടു നിൽക്കുന്നത്. ഇതോടെ കിം എവിടെ എന്ന ചോദ്യത്തിന് നിരവധി അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും മസ്തിഷ്ക മരണം സംഭവിച്ചു എന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ച് ഉത്തരകൊറിയ യാതൊന്നും പ്രതികരിച്ചില്ല. അതേസമയം കിം ജോങ് ഉൻ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കിമ്മിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അറിയാമെന്നും എന്നാൽ വെളിപ്പെടുത്താൻ സാധ്യമല്ലെന്നുമുള്ള പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. 'ഞാനും കിംഗ് ജോങ് ഉന്നും തമ്മിൽ വളരെ നല്ല സൗഹൃദമാണുള്ളത്. ഞാൻ അല്ലായിരുന്നു പ്രസിഡന്റ് എങ്കിൽ ഉത്തരകൊറിയയുമായി യുദ്ധത്തിന് തയ്യാറാകുമായിരുന്നു. അദ്ദേഹം അത് പ്രതീക്ഷിച്ചിരുന്നു. അതെനിക്ക് പറയാൻ സാധിക്കും.' പത്രസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam